നരെയ്നും ജോജുവും ഷറഫുദ്ദീനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു

Saturday 27 February 2021 8:12 PM IST

നരെയ്ൻ, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒരുമിക്കുന്ന സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കുന്ന 2 ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ.

ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്‌നോട് ഒപ്പം 'പരിയേറും പെരുമാളി'ലൂടെ ശ്രദ്ധ നേടിയ കതിർ - ആനന്ദി ജോഡി പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. സാക് ഹാരിസ് ആണ് ഈ ഡ്രാമ ത്രില്ലറിന്‍റെ സംവിധായകൻ. ആത്മീയ രാജൻ, കായൽ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവയാണ് സിനിമയിലെ നായികമാര്‍.

തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്.

തെന്നിന്ത്യയിലെ ഏറ്റവും മികച്ച അണിയറപ്രവർ‍ത്തകരാണ് സിനിമയുടെ പിന്നണിയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റു കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിൽ പങ്കു വയ്ക്കുന്നതാണ് എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു