ഹിമാചൽ ഗവർണറെ കൈയേറ്റം ചെയ്തു: 5 കോൺ. എം.എൽ.എമാർക്കെതിരെ കേസെടുത്തു

Sunday 28 February 2021 12:00 AM IST

ഷിംല: ഹിമാചൽപ്രദേശ് നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിനിടെ ഗവർണർ ബന്താരു ദത്താത്രേയയെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയടക്കം അഞ്ച് കോൺഗ്രസ് എം.എൽ.എമാർക്കെതിരെ ഹിമാചൽ പൊലീസ് കേസെടുത്തു. ആക്രമണത്തിൽ ഗവർണർക്ക് ഗുരുതര പരിക്കേറ്റെന്നാണ് റിപ്പോർട്ട്.

വിധാൻസഭ സെക്രട്ടേറിയറ്റിന്റെ പരാതിയിൽ അഗ്നിഹോത്രിയെ കൂടാതെ ഹർഷ് വർദ്ധൻ ചൗഹാൻ, സുന്ദർ സിംഗ് ഠാക്കൂർ, സത്പാൽ റെയ്സാദ, വിനയ് കുമാർ എന്നിവർക്കെതിരെയാണ് ബോയിലെഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാർലമെന്ററി കാര്യ മന്ത്രി സുരേഷ് ഭരദ്വാജിന്റെ പ്രമേയത്തെ തുടർന്ന് ഈ അഞ്ചുപേരെയും നിയമസഭാസമ്മേളനം തീരും വരെ സസ്‌പെൻഡ് ചെയ്തതായി സ്പീക്കർ വിപിൻ പർമാർ അറിയിച്ചിരുന്നു.

വെള്ളിയാഴ്ച ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് ഗവർണർ ബംഗാരു ദത്താത്രേയ നിയമസഭയിൽ പ്രസംഗം നടത്തിയതിന് ശേഷം സീറ്റിലേക്ക് തിരിച്ച് പോകവെ, സ്പീക്കറുടെ ചേംബറിന് മുന്നിൽ വച്ചാണ് കോൺഗ്രസ് അംഗങ്ങൾ അദ്ദേഹത്തെ തടഞ്ഞ് കൈയേറ്റം ചെയ്തത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കോപ്പികൾ കീറി അദ്ദേഹത്തിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. മുഖ്യമന്ത്രി ജയ്റാം താക്കൂർ, സ്പീക്കർ വിപിൻ പർമാർ എന്നിവരും ഗവർണർക്കൊപ്പമുണ്ടായിരുന്നു.

കോൺഗ്രസ് അംഗങ്ങളുടെ നടപടി ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ

പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് തോൽവിയുടെ വിരോധമാണ് കോൺഗ്രസ് തീർക്കുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.