രാഹുൽ നാളെ കന്യാകുമാരിയിൽ

Sunday 28 February 2021 12:53 AM IST

നാഗർകോവിൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കന്യാകുമാരിയിലെത്തും. ജില്ലയിലെ പതിനൊന്ന് ഇടങ്ങളിൽ പ്രസംഗിക്കും. രാവിലെ 10ന് കന്യാകുമാരി ചർച്ച് റോഡിൽ നിന്ന് റോഡ് ഷോ ആരംഭിക്കും. തുടർന്ന് അഗസ്തിശരീരത്തിലുള്ള മുൻ എം.പി. വസന്തകുമാറിന്റെ സ്മാരകത്തിൽ ആദരാഞ്ജലിയർപ്പിക്കും.

11.30ന് നാഗർകോവിൽ ഡെറിക് റോഡിലുള്ള ഇന്ദിരാഗാന്ധിയുടെയും തക്കലയിലുള്ള കാമരാജിന്റെയും ശില്പങ്ങൾക്ക് മുന്നിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് മുളകുമൂട് ജോസഫ് മെട്രിക് സ്‌കൂളിൽ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. കുളച്ചൽ ബസ്റ്റാൻഡ്, റീത്തപുരം, കരിങ്കൽ എന്നിവിടങ്ങളിലും പ്രസംഗിക്കും. വൈകിട്ട് നാലിന് പറക്കാണിയിൽ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും.

തുടർന്ന് കുഴിത്തുറ വഴി വൈകിട്ട് അഞ്ചിന് കളിയിക്കാവിള ജംഗ്ഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് ഹെലികോപ്ടറിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. രാത്രി ഡൽഹിയിലേക്ക് മടങ്ങും.