ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയിൽ
കൊല്ലം: പ്രാക്കുളത്ത് ചാരായം വാറ്റുന്നതിനിടെ യുവാവ് പൊലീസ് പിടിയിലായി. പ്രാക്കുളം ചൂനാട്ട് കിഴക്കതിൽ വീട്ടിൽ വസന്തകുമാറിനെയാണ് (46) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് പത്ത് ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് അനധികൃതമായി ചാരായം വാറ്റും വിൽപ്പനയും നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ഈ സമയം വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ചായ്പ്പിൽ ഗ്യാസ് അടുപ്പിൽ ചാരായം വാറ്റുകയായിരുന്നു യുവാവ്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. അഞ്ചാലുമ്മൂട് ഇൻസ്പെക്ടർ ബിനുവിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, ജൂനിയർ എസ്.ഐമാരായ എസ്.എസ്. ഷാൻ, ജി. വിനോദ്, എ.എസ്.ഐ കെ. ഓമനക്കുട്ടൻ, രാജേഷ്കുമാർ, ബാബുക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.