അഡ്വ. കെ.കെ. ബാലറാം ആർ.എസ്.എസ് പ്രാന്ത സംഘചാലക്

Sunday 28 February 2021 12:25 AM IST

കൊച്ചി: ആർ.എസ്.എസ് കേരള പ്രാന്ത സംഘചാലകായി അഡ്വ. കെ.കെ. ബാലറാമിനെ തിരഞ്ഞെടുത്തു. കൊച്ചി ഭാസ്‌കരീയത്തിൽ നടന്ന ആർ.എസ്.എസ് സംസ്ഥാനപ്രതിനിധി സഭയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി.കെ. ശ്രീനിവാസൻ വരണാധികാരിയായിരുന്നു. പാലക്കാട് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം പേര് നിർദേശിച്ചു. പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണൻ, തൃശൂർ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭൻ എന്നിവർ പിന്താങ്ങി.

ആരോഗ്യപരമായ കാരണങ്ങളാൽ പി.ഇ.ബി. മേനോൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ സംഘചാലകിനെ തിരഞ്ഞെടുത്തത്. ബാലറാം കണ്ണൂർ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2010മുതൽ പ്രാന്ത സഹസംഘചാലകായി പ്രവർത്തിച്ചുവരികയായിരുന്നു. ബാർ കൗൺസിൽ വൈസ് ചെയർമാനായിരുന്നു. കണ്ണൂർ ശ്രീഭക്തി സംവർദ്ധിനിയോഗം ഡയറക്ടർ, ജനസേവാ സമിതി മാനേജിംഗ് ട്രസ്റ്റി, പളളിക്കുളം സേവാട്രസ്റ്റി എന്നീ ചുമതലകൾ വഹിച്ചുവരുന്നു.