ബംഗാളിൽ ബി.ജെ.പിക്ക് വൻമുന്നേറ്റം ഉണ്ടാകും, മൂന്നിൽ നിന്ന് നൂറിലേറെ സീറ്റുകൾ നേടും,​ കോൺഗ്രസും സിപിഎമ്മും തകർന്നടിയും,​ ഭരണം മമതയ്ക്ക് തന്നെയെന്ന് സർവേ  

Sunday 28 February 2021 12:00 AM IST

ന്യൂഡൽഹി : ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റം ഉണ്ടാകുമെന്ന് എബിപി സീ വോട്ടർ സർവേ. 2016ൽ വെറും മൂന്ന് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 92 മുതൽ 108 സീറ്റ് വരെ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. അതേസമയം ബിജെപിയുടെ കടുത്ത പ്രചാരണത്തെയും കൂറുമാറ്റത്തെയും അതിജീവിച്ച് ബംഗാൾ ഭരണം മമത ബാനർജി നിലനിറുത്തുമെന്ന് സർവേ പറയുന്നു. അതേസമയം തൃണമൂലിന് ഇനിയുള്ള അഞ്ച് വർഷം കടുപ്പമായിരിക്കുമെന്ന സൂചനയും സർവേ നൽകുന്നുണ്ട്. തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം തന്നെ ബിജെപിയുമായി മമതയ്ക്ക് നടത്തേണ്ടി വരുമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നു.

മമതയുടെ തൃണമൂൽ കോൺഗ്രസ് 148 മുതൽ 164 സീറ്റ് വരെ ബംഗാളിൽ നേടുമെന്ന് സർവേ പ്രവചിക്കുന്നു.അതേസമയം കോൺഗ്രസ് - സി.പി..എം സഖ്യത്തിന് വൻ തിരിച്ചടി തന്നെ തിരഞ്ഞെടുപ്പിൽ ഉണ്ടാവും. സഖ്യത്തിന് 39 സീറ്റ് വരെയെ പരമാവധി നേടാനാവൂ. 2016ൽ ഈ സഖ്യം 76 സീറ്റ് വരെ നേടിയിരുന്നു.

കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകളിലുള്ള ഇടിവാണ് ബി.ജെ.പിക്ക് നേട്ടമായി മാറുന്നത്. തൃണമൂൽ കോൺഗ്രസിന് 43 ശതമാനം വോട്ട് വരെ ലഭിക്കും. ബി.ജെ.പിക്ക് 38 ശതമാനത്തോളവും ലഭിക്കും.

ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27നാണ് ആദ്യ ഘട്ടം തുടങ്ങുക. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.