കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളുടെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി: ലിംക ബുക്ക് ഒഫ് റെക്കോർഡിൽ ഇടം നേടി നാഷണൽ ഹൈവേ ആതോറിറ്റി ഒഫ് ഇന്ത്യ

Sunday 28 February 2021 3:58 PM IST

ന്യൂഡൽഹി: ലിംക ബുക്ക് ഒഫ് റെക്കോർഡിൽ ഇടം നേടി നാഷണൽ ഹൈവേ ആതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ). സോലപുർ-വിജയ്പുർ നാലുവരിപാതയുടെ 25.54 കിലോമീറ്റർ സിംഗിൾ ലെെൻ 18 മണിക്കൂർ കൊണ്ട് നിർമിച്ചാണ് എൻ.എച്ച്.എ.ഐ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

ബാംഗ്ളൂർ-വിജയ്പുര-ഔറങ്കാബാദ്-ഗ്വാളിയോർ ഇടനാഴിയുടെ ഭാഗമായ സോലപുർ-വിജയ്പുർ ഹൈവെ യാത്രക്കാരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാരണമാകും. എൻ.എച്ച്.എ.ഐയുടെ നേട്ടം ലിംക ബുക്ക് ഒഫ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.

സോലപുർ-വിജയ്പുർ ഹൈവെയുടെ നിർമാണം നടത്തുന്നതിന്റെ ഭാഗമായി പ്രവർത്തിച്ച 500റോളം വരുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും പിന്നണിയിൽ പ്രവർത്തിച്ചവരെയും നിതിൻ ഗഡ്കരി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ഒപ്പം സോലാപുർ-വിജാപുർ ഹൈവെയിലെ 110 കിലോമീറ്റർ റോഡ് 2021 ഒക്ടോബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.