ബംഗാളിൽ കരുത്തറിയിച്ച് ഇടത്, കോൺഗ്രസ് സംയുക്ത റാലി
Monday 01 March 2021 12:14 AM IST
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിൽ കരുത്തറിയിച്ച് ഇടത്- കോൺഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി നടന്നു. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റാലിയെ അഭിസംബോധന ചെയ്തു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി, കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗൽ, ഐ.എസ്.എഫ് നേതാവ് അബ്ബാസുദ്ദീൻ സിദ്ധിഖി തുടങ്ങിയവരും പങ്കെടുത്തു. ശനിയാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപ്പേർ റാലിയിൽ പങ്കെടുക്കാനായി ട്രെയിനിലും ബസുകളിലുമായി ബ്രിഗേഡ് ഗ്രൗണ്ടിലേക്കെത്തിയിരുന്നു.