കൂട്ടത്തോടെ പുറത്തിറങ്ങി സംഘം ചേരരുത്, തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ സംസ്ഥാന വ്യാപകമായി മാർച്ച് 31 വരെ നീട്ടി
ചെന്നൈ : തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഇപ്പോഴുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടാൻ തീരുമാനിച്ചു. സംസ്ഥാനവ്യാപകമായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും സംഘം ചേരുന്നതും വിലക്കിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചിരിക്കയാണ്. എന്നാൽ ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ടെയിൻമെന്റ് സോണിലുൾപ്പെടെ നിയന്ത്രണം കർശനമാക്കും, ഇതിനായി പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 479 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസമായി അഞ്ഞൂറിനടുത്ത് ആളുകളിൽ കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള വിലക്കും നീട്ടിയിട്ടുണ്ട്. അത്യാവശ്യ സർവീസുകൾ നടത്താൻ മാത്രമാണ് അനുമതിയുള്ളത്. അറുപത്തഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.