ചന്ദ്രബാബു നായിഡു തിരുപ്പതി വിമാനത്താവളത്തിൽ അറസ്‌റ്റിൽ; കുത്തിയിരുന്ന് പ്രതിഷേധം

Monday 01 March 2021 1:42 PM IST

തിരുപ്പതി: ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയും ടി.ഡി.പി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു പൊലീസ് ‌കസ്‌റ്റഡിയിൽ. ജഗൻ മോഹൻ സർക്കാരിനെതിരെ പ്രതിഷേധ പരിപാടികൾക്കായി ചി‌റ്റൂർ, തിരുപ്പതി എന്നീ ജില്ലകളിൽ സന്ദർശിക്കാനിരിക്കെയാണ് തിരുപ്പതി എയർപോർട്ടിൽ വച്ച് പൊലീസ് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തത്. ചന്ദ്രബാബു നായിഡുവിന്റെ പരിപാടികൾക്ക് മുൻപുതന്നെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

ഇന്ന് രാവിലെ 10ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ തടഞ്ഞ പൊലീസ് അറസ്‌റ്റ് ചെയ്‌തതായി അറിയിക്കുകയായിരുന്നു. എന്നാൽ പരിപാടികൾക്ക് അനുമതിയില്ലെന്ന് നായിഡുവിന് നോട്ടീസ് നൽകിയിരുന്നെന്നാണ് തിരുപ്പതി പൊലീസ് പറയുന്നത്. പ്രതിഷേധപരിപാടിയിൽ പങ്കെടുക്കേണ്ട മറ്റ് തെലുങ്കുദേശം നേതാക്കളെയും പൊലീസ് വീട്ട്തടങ്കലിലാക്കിയിരിക്കുകയാണ്.

നടപടിയിൽ ശക്തമായി പ്രതിഷേധിച്ച നായിഡു വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് നിരവധി തെലുങ്ക്ദേശം പാർട്ടി പ്രവർ‌ത്തകർ എയർപോർട്ടിന് വെളിയിൽ ഒത്തുകൂടി.

തങ്ങളെ പിടിച്ചുനിർത്താനോ തടയാനോ ജഗൻ മോഹൻ റെഡ്ഡിക്കാവില്ലെന്ന് ട്വി‌റ്ററിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ ചന്ദ്രബാബു നായിഡു അറിയിച്ചു.