ഇത്തവണ രാജ്യത്ത് മിക്കയിടത്തും ചുട്ടുപഴുക്കുന്ന വേനൽകാലമെന്ന് മുന്നറിയിപ്പ്; ദക്ഷിണേന്ത്യയിൽ അൽപം ആശ്വാസം

Tuesday 02 March 2021 11:52 AM IST

ന്യൂഡൽഹി: ഇത്തവണ രാജ്യത്ത് മിക്കയിടത്തും ശരാശരിയ്‌ക്ക് മുകളിൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് മുതൽ മേയ് മാസം വരെയുള‌ള കാലാവസ്ഥാ പ്രവചനത്തിലാണ് ഈ വിവരം. എന്നാൽ കേരളം ഉൾപ്പടെ ദക്ഷിണേന്ത്യയിലും ദക്ഷിണേന്ത്യയോട് ചേർന്നുകിടക്കുന്ന ഉത്തരേന്ത്യൻ പ്രദേശങ്ങളിലും പതിവിലും കുറഞ്ഞ ചൂടാകും അനുഭവപ്പെടുക എന്നും കാലാവസ്ഥാ അറിയിപ്പിലുണ്ട്.

വടക്കേ ഇന്ത്യയിലും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ്, വടക്കുകിഴക്ക്, കിഴക്ക്,പടിഞ്ഞാറ് മദ്ധ്യ ഭാഗങ്ങളിലും ചില തീരപ്രദേശങ്ങളിലും ശക്തമായ വേനൽകാലമാകും ഇത്തവണ. ഇവയിൽ ഛത്തീസ്ഗ‌ഡ്, ഒഡീഷ, ഗുജറാത്ത്, ഗോവ, മഹാരാഷ്‌ട്രയുടെ തീരപ്രദേശങ്ങൾ, ആന്ധ്ര പ്രദേശിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പകൽസമയം ചൂട് വളരെയധികം കൂടും. ഇന്തോ-ഗംഗ സമതലത്തിൽ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, കിഴക്കൻ ഉത്തർപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, ഒഡീഷ,ജാർഖണ്ഡ് എന്നിവിടങ്ങളിൽ മാർച്ച്-മേയ് മാസങ്ങളിൽ സാധാരണയിലും 0.5 ഡിഗ്രി ചൂട് കൂടും.

ഛത്തീസ്‌ഗഡിലും ഒഡീഷയിലു സാധാരണയിലും 75 ശതമാനം വരെ താപനില കൂടും. സാധാരണയിലും 0.86ഉം 0.66ഉം ഡിഗ്രി സെൽഷ്യസ് ഇവിടെ ചൂട് കൂടും. ഹരിയാന, ചണ്ഡിഗഡ്, ഡൽഹി എന്നിവിടങ്ങളിലും 0.5 ഡിഗ്രി വരെ ചൂട് കൂടാമെന്ന് ഐ.എം.ഡി ഡയറക്‌ടർ ജനറൽ മൃത്യുഞ്ജയ് മൊഹപാത്ര പറഞ്ഞു. എന്നാൽ ദക്ഷിണേന്ത്യയിൽ ആശ്വാസമുണ്ടാകാം. സാധാരണയിലും കുറവ് ചൂടാണ് ഇവിടങ്ങളിലും ഇവയോട് ചേർന്ന് കിടക്കുന്ന മദ്ധ്യ ഇന്ത്യൻ പ്രദേശങ്ങളിലുമുണ്ടാകുക.

പസഫിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖയോട് ചേർന്ന് രൂപമെടുക്കുന്ന ലാ നീന പ്രതിഭാസം മദ്ധ്യ കിഴക്കൻ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിൽ വലിയ പ്രശ്‌നമാകില്ലെന്നാണ് കരുതുന്നത്. പസഫിക് സമുദ്രജലം തണുക്കുന്നതിന് ഇടയാകുന്ന പ്രകൃതി പ്രതിഭാസമാണ് ലാ നീന. ചൂടാകുന്ന പ്രതിഭാസം എൽ നീനോയും. രാജ്യത്തെ കാലാവസ്ഥയിൽ ഈ രണ്ട് പ്രതിഭാസങ്ങളും നേരിട്ട് കാരണമാകുന്നുണ്ട്.

കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിലെ കാലാവസ്ഥ ചൂടേറിയതായിരുന്നു. കഴിഞ്ഞ 62 വർഷത്തിനിടെ ഏ‌റ്റവും ചൂടേറിയ ജനുവരിയാണ് കഴിഞ്ഞുപോയത്. ജനുവരി മാസത്തിൽ ഏ‌റ്റവുമധികം ചൂട് അനുഭവപ്പെട്ടത് ദക്ഷിണേന്ത്യയിലാണ്. ഈ സമയം ഏ‌റ്റവും കുറഞ്ഞ താപനില 22.33 ഡിഗ്രി ആയിരുന്നു. കഴിഞ്ഞ 121 വർഷത്തിനിടെ ഏ‌റ്റവും കൂടുതൽ. 1919ൽ 22.14ഉം 2020ൽ 21.93മാണ് ഇതിനു പിറകിലുള‌ള റിക്കോർഡ്. മദ്ധ്യ ഇന്ത്യയിലും കഴിഞ്ഞ 38 വർഷത്തിനിടെ കുറഞ്ഞ താപനിലയിൽ ഏ‌റ്റവും കൂടുതൽ രേഖപ്പെടുത്തിയത് കഴിഞ്ഞ മാസമാണ് 14.82 ഡിഗ്രി സെൽഷ്യസ്.