ടോം ജോസ് സൈലന്റാണ്, ആരെയാണ് വിശ്വസിക്കുക?; ആഴക്കടൽ മത്സ്യബന്ധന വിവാദത്തെപ്പറ്റി ചെന്നിത്തലയ്‌ക്ക് വിവരങ്ങൾ കൈമാറിയ ജാക്‌സൺ പൊളളയിൽ സംസാരിക്കുന്നു...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ കേരളം നിൽക്കെയാണ് ആഴക്കടൽ മത്സ്യബന്ധന വിവാദം പ്രതിപക്ഷ നേതാവ് കുപ്പിയിൽ നിന്ന് തുറന്നുവിടുന്നത്. ആരോപണം കന്നത്തപ്പോൾ പ്രതിപക്ഷ നേതാവിന് വിവരം കൈമാറിയത് ആരെന്നായി സർക്കാർ. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ പ്രശാന്താണ് ധാരണാപത്രം ഒപ്പിട്ടതെന്നത് പുതിയ വിവാദങ്ങൾക്കും വഴിയൊരുക്കി. ഉദ്യോഗസ്ഥർക്കും പ്രതിപക്ഷ നേതാവിനുമെതിരെ സർക്കാർ ആരോപണം കനത്തപ്പോൾ തനിക്ക് കരാറിനെപ്പറ്റി വിവരം നൽകിയത് ആരെന്ന് പ്രതിപക്ഷ നേതാവിന് വെളിപ്പെടുത്തേണ്ടി വന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊളളയിലാണ് ഐശ്വര്യ കേരള യാത്രയ്‌ക്കിടെ തനിക്ക് വിവരം നൽകിയതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. രാഷ്ട്രീയ കേരളം ചർച്ചയാക്കിയ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിന്റെ ഉളളറകളെപ്പറ്റിയുളള വിവരം പ്രതിപക്ഷ നേതാവിന് കൈമാറിയ ജാക്‌സൺ പൊളളയിൽ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു..
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്രനാൾ മുമ്പാണ് താങ്കളുടെ കൈയിൽ കിട്ടുന്നത്?
രണ്ടാം തീയതിയാണ് ഇ എം സി സിയുമായി എം ഒ യു ഒപ്പിടുന്നത്. അവർ തന്നെ ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഫെഡറേഷന്റെ മുൻ ജനറൽ സെക്രട്ടറിയായ എ ജെ വിജയൻ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ഇതുസംബന്ധിച്ച ഒരു കുറിപ്പെഴുതി. ആ കുറിപ്പിൽ എൻ പ്രശാന്തൊരു കമന്റിട്ടു. മത്സ്യമേഖലയിൽ ആയിരങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. കരാറിനെ സാധൂകരിച്ച് കൊണ്ടുളള ആ കമന്റ് പിന്നീട് വാദപ്രതിവാദങ്ങളിലേക്ക് മാറി. പ്രശാന്ത് പറഞ്ഞ പല കാര്യങ്ങളും നമുക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്യുകയും പല പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്‌തു. സെക്രട്ടറിയേറ്റിന് മുന്നിൽ കപ്പൽ കത്തിച്ചു. എറണാകുളത്ത് ജനകീയ കൺവൻഷനാണ് നടത്തിയത്. സർക്കാർ ഒരു മറുപടി പോലും ഇതുസംബന്ധിച്ച് ഞങ്ങൾക്ക് നൽകിയില്ല.
കരാറിൽ അപകടം മണത്തത് എപ്പോഴാണ്?
സാധാരണ എന്തുവിഷയമുണ്ടെങ്കിലും മത്സ്യത്തൊഴിലാളി നേതാക്കളുമായി ചർച്ച ചെയ്‌താണ് ഫിഷറീസ് വകുപ്പ് പല തീരുമാനങ്ങളും എടുക്കുന്നത്. പക്ഷെ ഇത്തരത്തിൽ ഒരു കരാർ വന്നിട്ട് ഞങ്ങൾ അറിഞ്ഞില്ല, കേട്ടില്ലയെന്നൊക്കെ സർക്കാർ പറയുന്നത് വിശ്വസിക്കാൻ കഴിയില്ല.
ആദ്യഘട്ടത്തിൽ സർക്കാരിന്റെ പ്രതികരണം എങ്ങനെയായിരുന്നു?
ഒരു പ്രതികരണവുമുണ്ടായില്ല. ഫേസ്ബുക്കിൽ കമന്റിട്ട പ്രശാന്തിന്റെ ലൈൻ ആദ്യം തന്നെ മനസിലായി. പിന്നീട് അദ്ദേഹവുമായി സംസാരിക്കാൻ ശ്രമിച്ചില്ല.
ഐശ്വര്യ കേരളയാത്രയുടെ വേദിയിൽ വച്ചാണല്ലോ പ്രതിപക്ഷ നേതാവിനെ ഇക്കാര്യങ്ങൾ അറിയിക്കുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്‌ത് പോയതാണോ?
ആലപ്പുഴയിൽ ഐശ്വര്യ കേരളയാത്ര എത്തിയപ്പോൾ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ എന്നേയും വിളിച്ചിരുന്നു. ഓരോ മേഖലയിൽ നിന്നും വന്നവർ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ തീരദേശത്തെ പ്രതിനിധികരിച്ച് പോയ ഞാനും എന്റെ അഭിപ്രായം രേഖപ്പെടുത്തി. അദ്ദേഹത്തിന് ഇതേപ്പറ്റി അറിയില്ലായിരുന്നു. ചോദിച്ച് മനസിലാക്കിയപ്പോൾ എന്റെ കൈയിൽ ഉണ്ടായിരുന്ന അറിവുകളും വിവരങ്ങളും പങ്കുവച്ചു.
അതിനുശേഷം പ്രതിപക്ഷ നേതാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നോ?
ഇല്ല, അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടില്ല.
കരാർ ഉദ്യോഗസ്ഥർക്ക് പറ്രിയ വീഴ്‌ചയാണെന്ന് വിശ്വസിക്കുന്നുണ്ടോ?
അത് സമ്മതിച്ച് കൊടുക്കാൻ കഴിയില്ല. പളളിപ്പുറത്ത് നാലേക്കർ ഭൂമി ഉൾപ്പടെയെടുത്ത് കൊടുത്തത് സർക്കാർ അറിഞ്ഞു തന്നെയാണ്. നാന്നൂറ് യാനങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് 25 വർഷങ്ങൾക്ക് ശേഷം തിരിച്ച് നൽകുമെന്നാണ് പറയുന്നത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഒരു മത്സ്യത്തൊഴിലാളിക്ക് യാനം ഉപയോഗിക്കാനാകില്ല.
ടോം ജോസിനെ നിങ്ങൾക്ക് സംശയമുണ്ടോ?
അദ്ദേഹം ഇപ്പോഴും ചിത്രത്തിലില്ല. അപ്രസക്തമായ ഒരു സ്ഥാപനത്തിന്റെ തലപ്പത്തേക്ക് അദ്ദേഹത്തെ മാറ്റിയത് തന്നെ സംശയകരമാണ്. ടോം ജോസ് സൈലന്റാണ്.
കളളൻ കപ്പലിൽ തന്നെയാണെന്നാണോ?
തീർച്ചയായിട്ടും. അദ്ദേഹത്തിന് പങ്കുണ്ട്. ആരും ഒന്നും അറിയുന്നില്ലെന്ന് പറഞ്ഞാൽ ആരെയാണ് ഞങ്ങൾ വിശ്വസിക്കുക.
വിവാദങ്ങൾക്ക് ശേഷം സർക്കാർ പ്രതിനിധികളുമായി സംസാരിച്ചിരുന്നോ?
ഇതുവരെ ഞങ്ങളെ ചർച്ചയ്‌ക്ക് വിളിച്ചിട്ടുമില്ല. ഇക്കാര്യം സംസാരിച്ചിട്ടുമില്ല. ഫിഷറീസ് കോർഡിനേറ്റിംഗ് കമ്മിറ്റിയുടെ ഒരു മീറ്റിംഗ് ഞങ്ങൾ വിളിച്ചിരുന്നു. അതിൽ ഭരണപക്ഷത്തെ പ്രതിനിധീകരിച്ച് എ ഐ ടി യു സി അല്ലാതെ വേറൊരു യൂണിയനും പങ്കെടുത്തില്ല. എ ഐ ടി യു സി ഞങ്ങളുടെ തീരുമാനത്തിന് എതിർ നിലപാടാണ് യോഗത്തിൽ സ്വീകരിച്ചത്.
പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഫോട്ടോകളും അമേരിക്കയിലെ കൂടിക്കാഴ്‌ചയുടെ വിവരങ്ങളുമെല്ലം കൈമാറിയത് താങ്കളാണോ?
ഫോട്ടോസൊക്കെ ഞാനാണ് കൊടുത്തത്. അത് ഇ എം സി സി പ്രസ് റിലീസായിരുന്നു. അമേരിക്കയിൽ നടന്ന കൂടിക്കാഴ്‌ചയുടെ വിവരങ്ങൾ ഞാനല്ല നൽകിയത്.
ഫയലുകളും പളളിപ്പുറത്തെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയത് താങ്കളാണോ?
അതൊന്നും ഞാനല്ല നൽകിയത്. അതെല്ലാം സെക്കൻഡ് പാർട്ടാണ്. പ്രാഥമിക വിവരം മാത്രമാണ് ഞാൻ നൽകിയത്.
പ്രശാന്താണ് വിവരം കൈമാറിയതെന്ന ആരോപണം വലിയ തോതിലുണ്ടായിരുന്നല്ലോ?
ഞാൻ ഈ വിവരം അദ്ദേഹത്തോട് പറഞ്ഞപ്പോൾ മന്ത്രിമാർ പറഞ്ഞതു പോലെ ഞാനൊന്നും അറിഞ്ഞില്ലെന്നാണ് പ്രതിപക്ഷ നേതാവും പറഞ്ഞത്. അദ്ദേഹം ഇതിനെപ്പറ്റി അന്വേഷിക്കണമായിരുന്നു. പ്രശാന്താണ് വിവരം നൽകിയതെന്ന് പറയുന്നതിൽ കഴമ്പില്ല.
ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭാവിപരിപാടികൾ എന്തൊക്കെയാണ്?
കരാറുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങൾ ഇനിയും ബാക്കി കിടപ്പുണ്ട്. അത് മത്സ്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ടാണ്. പ്രക്ഷോഭങ്ങൾ തത്ക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. സർക്കാരിന്റെ സമീപനം എന്തൊക്കെയാണെന്ന് നോക്കി ഞങ്ങൾ തീരുമാനമെടുക്കാം.
തിരഞ്ഞെടുപ്പായതിനാൽ തന്നെ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടേക്കാം
ഇതൊരു ജനതയുടെ രാഷ്ട്രീയമാണ്. മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങൾ മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടുന്നില്ല. കുറേ കാലത്തിന് ശേഷമാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഒരു വിഷയം ഇത്ര ആഴത്തിൽ ചർച്ചയാകുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോൾ ആലോചിക്കാൻ പോലും പാടില്ലാത്ത ഒരു കരാറായിരുന്നു ഇത്. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉൾപ്പടെയുളളവ ഒരുപാട് വിളിച്ചവരാണ് അവർ.
ആദ്യം കരാറേയില്ലെന്ന് പറഞ്ഞ സർക്കാർ പിന്നീട് യൂ ടേൺ അടിക്കുന്നത് പടിപടിയായി നമ്മൾ കണ്ടു. ശരിക്കും ഉന്നത തലത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
സംശയിച്ചേ പറ്റൂ. എന്തൊക്കെയോ മണക്കുന്നുണ്ട്.
ജാക്‌ൺ പൊളളയിൽ എന്ന പേര് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് സംസാരിച്ചിരുന്നോ?
അദ്ദേഹവുമായി പിന്നീട് ഞാൻ സംസാരിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മൂന്നു മുന്നണികളും വാഗ്ദ്ധാനങ്ങളുമായി വരും. മത്സ്യമേഖലയെ ബാധിക്കുന്ന ഒരുപാട് വിഷയങ്ങൾ സംസ്ഥാനത്ത് വേറെയുമുണ്ട്. എന്തൊക്കെയാണ് അവ?
മത്സ്യവറുതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. മത്സ്യവറുതിക്ക് കാരണം കാലാകാലങ്ങളായി കേരളം ഭരിച്ചവരുടെ നയങ്ങളാണ്. കടൽ മാലിന്യം കൊണ്ട് നിറഞ്ഞുകഴിഞ്ഞു. തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്‌ടറിയിലുണ്ടായ ഓയിൽ ലീക്കേജ് നമ്മൾ കണ്ടതാണ്. ഇവയൊക്കെ മത്സ്യസമ്പത്തിനെ ബാധിച്ച് കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ പല നയങ്ങളും മത്സ്യത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാണ്. കടലിനെ ഏഴായി തിരിച്ച് അവർ വിൽക്കാൻ തീരുമാനിച്ച് കഴിഞ്ഞു. അതിനെ എതിർക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാരും തയ്യാറിയിട്ടില്ല.
സംസ്ഥാനത്തിനൊരു മത്സ്യനയമുണ്ടല്ലോ. അതിനോട് യോജിക്കുന്നുണ്ടോ?
അടിസ്ഥാനപരമായി ഞങ്ങൾ അതിനോട് യോജിക്കുന്നില്ല. ഇവിടെയൊരു വനാവകാശ നിയമമുണ്ട്. അവിടെ വനവിഭവങ്ങൾ ശേഖരിക്കാനുളള അവകാശം ആദിവാസികൾക്കാണ്. അതുപോലെ ഒരു കടലവകാശ നിയമം ഉണ്ടാകണം. ഈ ഇടതുപക്ഷ സർക്കാർ അത് അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ച് വർഷത്തെ ഇടതുസർക്കാരിന്റെ ഭരണത്തിലും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രവർത്തനത്തിലും തൃപ്‌തിയുണ്ടോ?
ചില കാര്യങ്ങളിൽ ഫിഷറീസ് മന്ത്രി നിർണായകമായ തീരുമാനങ്ങളെടുത്തിട്ടുണ്ട്. ചെയ്‌ത കാര്യങ്ങൾ ചെയ്‌തുവെന്ന് തന്നെ പറയണം. പക്ഷേ വിയോജിപ്പുകളുണ്ട്.
വിയോജിപ്പുകൾ എന്തിനോടാണ്?
മത്സ്യനയം ഉൾപ്പടെയുളളവയിൽ വിയോജിപ്പാണ്. വൻകിട കുത്തകകൾക്ക് കടന്നുവരാനുളള പാത സർക്കാർ വെട്ടികൊടുത്തിരിക്കുകയാണ്.