'അന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ് ധൈര്യം തന്നത്, പാർട്ടി പറയുമോയെന്ന് നോക്കട്ടെ'; സ്ഥാനാർത്ഥി സാദ്ധ്യത തളളാതെ രഞ്ജിത്ത്
കോഴിക്കോട്: പാർട്ടി തീരുമാനിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി സംവിധായകൻ രഞ്ജിത്ത്. സ്ഥാനാർത്ഥിയാകുന്നതിനായി സി പി എം ബന്ധപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ച രഞ്ജിത്ത് തീരുമാനം പാർട്ടി എടുക്കട്ടെയെന്നും മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
'ആദ്യത്തെ സിനിമ ചെയ്യുമ്പോഴും എനിക്ക് ഈ സംശയം ഉണ്ടായിരുന്നു. ഒരു കൊമേഴ്‌സ്യൽ സിനിമ ചെയ്യാനാവുമോയെന്ന്. അന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരുമൊക്കെയാണ് ധൈര്യം തന്നത്. ചുറ്റുമുളള എല്ലാവരും ധൈര്യം തന്നാൽ നോക്കാം.' എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
മത്സരിക്കാനായി പാർട്ടി ബന്ധപ്പെട്ടിരുന്നു. പാർട്ടി പറയുമോയെന്ന് നോക്കട്ടെ, എന്നിട്ടു പറയാം. രാഷ്ട്രീയത്തെ രണ്ടു രീതിയിൽ കാണാം. സ്ഥിരമായി അതിൽ നിൽക്കുന്നവരാണ് ഒരു വിഭാഗം. അല്ലാതെ ഉളളവർക്കും ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം. തന്റെ കർമമേഖല സിനിമയാണ്. സിനിമയിൽ ഇപ്പോൾ മുപ്പത്തിമൂന്ന് വർഷമായെന്നും രഞ്ജിത്ത് പറഞ്ഞു.
പ്രദീപ് കുമാർ നടത്തിയ മികച്ച പ്രവർത്തനത്തിന്റെ ഫലമായാണ് കോഴിക്കോട് നോർത്ത് ഉറച്ച മണ്ഡലമായി മാറിയത്. പ്രദീപ് പ്രാപ്‌തനായ എം എൽ എയാണ്. അങ്ങനെയൊരു എം എൽ എയെ കോഴിക്കോടിന് കിട്ടാൻ പ്രയാസമാണെന്നും രഞ്ജിത് പറഞ്ഞു.