'ഏഴാം തീയതി ഡൽഹിയിലേക്ക് പോയാൽ നോമിനേഷൻ തീയതിക്ക് ശേഷം മാത്രമേ മടങ്ങൂ'; നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ മുരളീധരൻ

Tuesday 02 March 2021 3:12 PM IST

തിരുവനന്തപുരം: നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തളളി കെ മുരളീധരൻ. താൻ നേമത്ത് മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എം പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഏഴാം തീയതി ഡൽഹിയിലേക്ക് പോയാൽ നോമിനേഷൻ തീയതിക്ക് ശേഷം മാത്രമേ മടങ്ങൂവെന്നും മുരളീധരൻ പറഞ്ഞു.

വടകര എം പിയായ മുരളീധരനെ കോൺഗ്രസ് നേമത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എം പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തൽ മുരളീധരന് ഇളവ് അനുവദിക്കുമെന്ന തരത്തിലായിരുന്നു വാർത്തകൾ. നിലവിൽ കേരളത്തിലെ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെയാണ് എൻ ഡി എ പരിഗണിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 21 കോർപ്പറേഷൻ വാർഡുകളിൽ 14 എണ്ണത്തിലും ബി ജെ പിയാണ് ജയിച്ചത്. ആറിടത്ത് രണ്ടാമതുമെത്തി. ബി ജെ പിയുടെ ഗുജറാത്തെന്ന് നേതാക്കൾ വിശേഷിപ്പിക്കുന്ന മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് യു ഡി എഫും എൽ ഡി എഫും ശ്രമിക്കുന്നത്.

എൽ ഡി എഫിൽ വി ശിവൻകുട്ടിയുടെ പേരാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. കോൺഗ്രസിൽ ഒരു വേള ഉമ്മൻചാണ്ടിയും ശശിതരൂരും വരെ നേമത്തെത്തുമെന്ന രീതിയിൽ ച‍ർച്ചകൾ ഉണ്ടായിരുന്നു. ഇന്ന് നടന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും നേമം സീറ്റ് സംബന്ധിച്ച് ചർച്ചകൾ നടന്നതായാണ് വിവരം.