മത്സരത്തിൽ നിന്ന് ഒഴിഞ്ഞ് ഡോ.രാമചന്ദ്രനും വത്സരാജും: മയ്യഴിയിൽ ഇത്തവണ 'പുത്തരിയങ്കം'

Tuesday 02 March 2021 9:47 PM IST

മാഹി: പഴയ കടത്തനാടിന്റെ ഭാഗമായ മയ്യഴിയിൽ ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്നത് കേരളത്തിനൊപ്പം. പുതുച്ചേരിയുടെ ഭാഗമായ ഈ നിയമസഭ മണ്ഡലത്തിൽ ഇക്കുറി പുതുമുഖങ്ങൾ തമ്മിലായിരിക്കും മത്സരമെന്നതാണ് നിലവിൽ ലഭിക്കുന്ന സൂചന.

നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയുടെ പതനത്തെ തുടർന്നാണ് മാഹിയും തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന മാഹി അസംബ്ലി മണ്ഡലം അപ്രതീക്ഷിതമായാണ് ഇടതു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ഡോ: വി. രാമചന്ദ്രൻ കഴിഞ്ഞ തവണ പിടിച്ചെടുത്തത്. കാൽനൂറ്റാണ്ടിലേറെ മയ്യഴിയെ പുതുച്ചേരി നിയമസഭയിൽ പ്രതിനിധീകരിക്കുകയും മൂന്ന് തവണ മന്ത്രിയാവുകയും ചെയ്ത ഇ. വത്സരാജായിരുന്നു അന്ന് തോൽവി രുചിച്ചത്.

വത്സരാജ് ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരം മുൻ നഗരസഭാ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷനുമായ രമേശ് പറമ്പത്തിനാണ് സാദ്ധ്യത. ബ്ലോക്ക് ജനറൽ സെക്രട്ടറിയും മുൻ നഗരസഭാംഗവുമായ സത്യൻ കേളോത്തും ടിക്കറ്റിനായി രംഗത്തുണ്ട്. ഐ.എൻ.ടി.യു.സി. ദേശീയ നേതാവും, സർവ്വീസ് സംഘടനാ നേതാവുമായ കെ. ഹരീന്ദ്രന്റെ പേരും ഉയരുന്നുണ്ട്. സിറ്റിംഗ് എം എൽ .എ ഡോ: വി. രാമചന്ദ്രൻ ഇത്തവണ മത്സരത്തിനില്ലെന്ന് നേതൃത്വത്തെ ഇതിനകം അറിയിച്ചതായാണ് വിവരം. അങ്ങിനെയെങ്കിൽ പകരക്കാരനായി പ്രമുഖ അഭിഭാഷകനും ഇടത് സഹയാത്രികനുമായ ടി. അശോക് കുമാറായിരിക്കും എൽ.ഡി.എഫ്. സ്ഥാനാർത്ഥി. പൊതുതാൽപ്പര്യ ഹരജികളിലുടെ മയ്യഴിക്ക് ഒട്ടേറെ കാര്യങ്ങൾ നേടിയെടുത്ത അദ്ദേഹത്തിന് സാധാരണക്കാരുമായും ഉന്നതതലങ്ങളിലും ബന്ധമുണ്ട്. ഇതിനിടെ ഉന്നതസ്വാധീനമുപയോഗിച്ച് പ്രവാസിയും മയ്യഴിക്കൂട്ടത്തിന്റെ സാരഥിയുമായ ജിനോസ് ബഷീറിനെ മത്സരിപ്പിക്കാനുള്ള ശ്രമവും ഇടതുപാളയത്തിലുണ്ട്. ബി.ജെ.പിയിൽ ജനസമ്മതിയുള്ള സ്വതന്ത്ര വ്യക്തിത്വങ്ങളെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചന പുരോഗമിക്കുന്നുണ്ട്. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എ.സുനിലിന്റെയും ഈസ്റ്റ് പള്ളൂരിലെ പഴയകാല പാർട്ടി പ്രവർത്തകനായ ഗോകുലന്റെയും പേരുകളും എൻ.ഡി.എ ക്യാമ്പിൽ നിന്ന് ഉയരുന്നുണ്ട്.

2016ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രൻ ഡോ: വി. രാമചന്ദ്രൻ 10,797 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ്സിലെ ഇ. വത്സരാജിന് 8658 വോട്ടുകളാണ് കിട്ടിയത്. പിന്നീട് നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ വി. വൈദ്യലിംഗം 12,721 വോട്ടുകൾ ഇവിടെ നിന്ന് നേടി. സി.പി.എം. പിന്തുണച്ച എം.എ.എസ്. സുബ്രഹ്മണ്യത്തിന് 1685 വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ബി.ജെ.പി, എൻ.ആർ.കോൺഗ്രസ് സഖ്യത്തിലെ ഡോ. നാരായണസ്വാമി കേശവന് 4745 വോട്ടുകൾ നേടി. പുതുച്ചേരിയിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ, മുന്നണികളുടെ ചിത്രം ഇനിയും തെളിയാനിരിക്കുന്നതേയുള്ളു.