കൊളുന്തു നുള്ളാൻ പ്രിയങ്ക, ആഘോഷമാക്കി തോട്ടം തൊഴിലാളികൾ

Wednesday 03 March 2021 12:00 AM IST

ഗുവാഹത്തി: കാപ്പിക്കുരുവിന്റെ നിറത്തിലുള്ള സാരിയുടുത്ത്, അതിന് മീതെ ഏപ്രൺ കെട്ടി, തലയിൽ സ്കാർഫണിഞ്ഞ്, മുതുകിൽ കുട്ടയുമേന്തി തേയില കൊളന്തു നുള്ളാനെത്തിയ സ്ത്രീയെ കണ്ട് അസാമിലെ ബിസ്വനാഥിൽ സദുരു തേയിലത്തോട്ടത്തിലെ തൊഴിലാളികൾ അമ്പരന്നു. അടുത്ത നിമിഷം, സന്തോഷത്തോടെ കൊളുന്തു നുള്ളേണ്ടതെങ്ങനെയെന്ന് അവർ പ്രിയ നേതാവിന് പറഞ്ഞുകൊടുത്തു. പണി പഠിച്ചതോടെ കാര്യക്ഷമതയോടെ കൊളന്തുനുള്ളി കുട്ടയിലിട്ടു കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി!.

തോട്ടം തൊഴിലാളികൾക്കൊപ്പം വട്ടം കൂടി വർത്തമാനം പറഞ്ഞ്, തമാശകൾ കേട്ട് ചിരിച്ച്, പാട്ടു പാടി ഡാൻസ് ചെയ്ത്, അവരുടെ താമസസ്ഥലത്തെത്തി ഭക്ഷണം പങ്കിട്ട് കഴിച്ച്, കുട്ടികളെ ലാളിച്ച് തൊഴിലാളി സ്ത്രീകളുടെ സ്വന്തം ആളായി മാറി പ്രിയങ്ക.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അസാമിൽ ദ്വിദിന സന്ദർശനത്തിനെത്തിയതായിരുന്നു അവർ. ' തേയില തോട്ടത്തിലെ തൊഴിലാളികളുടെ ജീവിതം സത്യത്തിലും ലാളിത്യത്തിലും അടിയുറച്ചതാണ്. അവരുടെ തൊഴിൽ രാജ്യത്തിന് വിലയേറിയതാണ്. ഇന്ന് അവരുടെ തൊഴിൽ സാഹചര്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസിലാക്കുന്നതിനും തൊഴിലിന്റെ ബുദ്ധിമുട്ടും അറിയാൻ സാധിച്ചു. അവരിൽനിന്ന് ലഭിച്ച സ്നേഹം ഒരിക്കലും മറക്കില്ല.' – പ്രിയങ്ക ട്വീറ്റ് ചെയ്തു.

പ്രദേശവാസികൾക്കൊപ്പം അവരുടെ പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു.

കഴിഞ്ഞ ദിവസം ലാകിംപൂരിലെ ആദിവാസികൾക്കൊപ്പം അവരുടെ പരമ്പരാഗത നൃത്തരൂപമായ 'ജുമൂർ'ഡാൻസ് കളിക്കുന്ന പ്രിയങ്കയുടെ വീഡിയോ വൈറലായിരുന്നു.

അസാമിലെ പ്രധാന വോട്ട് ബാങ്കാണ് പത്ത് ലക്ഷത്തോളം വരുന്ന തോട്ടം മേഖലയിലെ തൊഴിലാളികൾ. സംസ്ഥാനത്തെ 126 സീറ്റുകളിലെ 35 സീറ്റുകളിലെ നിർണായക ഘടകമാണിവർ. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം നിലനിൽക്കെ സർബാനന്ദ സോനോവാൾ സർക്കാർ തൊഴിലാളികളുടെ വേതനം 167ൽ നിന്ന് 217യായി ഉയർത്തിയിരുന്നു.