വേഗതകൂട്ടാൻ കഴുതച്ചോര,​ രോഗമകറ്റാൻ ഇറച്ചി, അനധികൃത കഴുത കശാപ്പിന് പിന്നിൽ 'അന്ധവിശ്വാസങ്ങൾ'

Wednesday 03 March 2021 12:00 AM IST

ഹൈദരാബാദ്: കഴുത ഇറച്ചി കഴിച്ചാൽ രോഗങ്ങൾ ഭേദമാകുന്ന വിശ്വാസവും പ്രചരണവും ശക്തമായതോടെ ആന്ധ്രാപ്രദേശിൽ കഴുത ഇറച്ചിയ്ക്ക് വൻ ഡിമാൻഡ്. ഇതോടെ അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വിൽക്കുന്നതും വൻതോതിൽ വർദ്ധിച്ചതായാണ് റിപ്പോർട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്പനയും നടക്കുന്നത്.

പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങൾ സുഖപ്പെടാൻ കഴുത ഇറച്ചി കഴിച്ചാൽ മതിയെന്നാണ് പ്രചാരണം. മാത്രമല്ല, കഴുത ഇറച്ചി കഴിച്ചാൽ ലൈംഗികശേഷി വർദ്ധിക്കുമെന്നും വിശ്വാസമുണ്ട്.

പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂർ ജില്ലകളിൽ കഴുതകളെ കശാപ്പ് ചെയ്ത് ഇറച്ചി വിൽക്കുന്നത് വ്യാപകമായി. ഇതോടെ കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചിവില്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതർ.

കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നും കഴുതകളെ എത്തിച്ച് ആന്ധ്രയിൽ കശാപ്പ് ചെയ്ത് വില്ക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നത്. ഒരു കിലോ ഇറച്ചിക്ക് 600 രൂപ വരെയാണ് വില. ഒരു കഴുതയുടെ മുഴുവൻ ഇറച്ചിയും വേണമെങ്കിൽ 15,000 മുതൽ 20,000 രൂപ വരെ ഈടാക്കും.

പ്രകാസം ജില്ലയിലെ കവർച്ചക്കാരുടെ താവളമായിരുന്ന ഒരു ഗ്രാമത്തിൽനിന്നാണ് കഴുത ഇറച്ചിയെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് തുടക്കം.

കഴുതയുടെ ചോര കുടിച്ചാൽ വേഗത്തിൽ ഓടാനാകുമെന്നും ചിലർ വിശ്വസിക്കുന്നു. അടുത്തിടെ ഒരു തെലുങ്ക് ചിത്രത്തിലും കഴുതയുടെ ചോര കുടിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. മേഖലയിലെ ചില മത്സ്യത്തൊഴിലാളികൾ കഴുതയുടെ ചോര കുടിച്ചാണ് കടലിൽ പോകാറുള്ളതെന്നും പറയുന്നു.