ആഴക്കടൽ വിവാദം :ഫയലുകൾ വെളിപ്പെടുത്തണം-ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെങ്കിൽ .ഇ.എം.സി.സി ഫയലുകൾ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് ഷിബു ബേബിജോണിന്റെ നേതൃത്വത്തിലുള്ള തെക്കൻ മേഖലാജാഥയുടെസമാപന യോഗം പുതിയതുറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയൽ കണ്ടില്ലെന്ന് പറഞ്ഞ് ഇത്രയും ദിവസം ഒളിച്ച് കളിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിഅമ്മ , രേഖകൾ പുറത്തു വന്നതോടെ നിലപാട് മാറ്റി. ഇപ്പോൾ, ഫയൽ കണ്ടിട്ടുണ്ടെന്നും അതിലെന്താണ് തെറ്റെന്നുമാണ് പറയുന്നത്. ധൈര്യമുണ്ടെങ്കിൽ ഫയൽ ജനങ്ങൾക്ക് മുന്നിൽ വയ്ക്കണം. കരാറുകൾ റദ്ദാക്കാൻ വൈകിയത് എന്തിനെന്നം പറയണം.. യുഡിഎഫ് അധികാരത്തിൽ വന്നാൽ മത്സ്യത്തൊഴിലാളികൾക്ക് എതിരായ എല്ലാ നടപടികളും റദ്ദ് ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.