മോട്ടോർ വാഹന പണിമുടക്ക് പൂർണം
Wednesday 03 March 2021 12:42 AM IST
ആലപ്പുഴ : പെട്രോൾ,ഡീസൽ വിലവർദ്ധനവിനെതിരെ മോട്ടോർ സംയുക്തസമര സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന മോട്ടോർ വാഹനപണിമുടക്ക് ജില്ലയിൽ പൂർണം. മോട്ടോർ മേഖലയിലെ വിവിധ ട്രേഡ് യൂണിയനുകളും വാഹന ഉടമാ സംഘടനകളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. ഓട്ടോറിക്ഷ, ടാക്സി, ബസ്, ലോറി, കെ.എസ്.ആർ.ടി.സി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തു. ടാക്സികൾ നിരത്തിൽ ഇറങ്ങിയില്ല. സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. കളക്ടറേറ്റിൽ 95ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരായി. കെ.എസ്.ആർ.ടി.സി ആലപ്പുഴ സ്റ്റേഷനിൽ നിന്ന് ബസുകൾ സർവീസ് നടത്തിയില്ല. ചില സ്റ്റേഷനുകളിൽ നിന്ന് രണ്ട് വീതം സർവീസ് നടത്തിയെങ്കിലും മൂന്നോ നാലോ യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. ആറ് മണിക്ക് ശേഷം സാധാരണ നിലയിൽ സർവീസ് ആരംഭിച്ചതായി ഡി.ടി.ഒ അറിയിച്ചു.