തൊഴിൽ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം
കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്. നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പു കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി ഒാലത്താന്നി സ്വദേശി അരുൺ ഹൈക്കോടതിയിൽ ഹർജി നൽകി.
ബെവ്കോയിലും കെ.ടി.ഡി.സിയിലും ജോലി നൽകാമെന്നു പറഞ്ഞ് അരുണിൽ നിന്നും ആദർശ് എന്ന മറ്റൊരു വ്യക്തിയിൽ നിന്നുമായി 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നില്ലെന്നാരോപിച്ചാണ് ഹർജി. ബെവ്കോ എം.ഡിയുടെ പേരിൽ വ്യാജ രേഖകൾ ചമച്ചാണ് സരിത ഉൾപ്പെടെയുള്ള പ്രതികൾ തട്ടിപ്പു നടത്തിയത്. രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് അന്വേഷണം വഴിമുട്ടി. കഴിഞ്ഞ വർഷമാണ് പ്രതികൾ പണം വാങ്ങിയത്. ഇതുവരെ ജോലി ലഭിച്ചില്ല. പണവും തിരിച്ചു കിട്ടിയില്ല. തട്ടിപ്പു തിരിച്ചറിയാൻ വൈകിയതാണ് പരാതി നൽകാൻ വൈകാൻ കാരണം. കഴിഞ്ഞ ഡിസംബറിൽ കേസെടുത്തെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.