സൽമാൻ രാജകുമാരന് ഉപരോധം ഏർപ്പെടുത്തില്ല: അമേരിക്ക

Wednesday 03 March 2021 12:38 AM IST

വാഷിംഗ്ടൺ : മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ കൊലപാതകത്തിൽ ആരോപണ വിധേയനായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ പ്രതിഷേധം ഉയരുമ്പോൾ രാജകുമാരന് ഉപരോധം ഏർപ്പെടുത്താൻ വിസമ്മതിച്ച് അമേരിക്ക. സൗദിയുമായുള്ള അമേരിക്കയുടെ ബന്ധം വഷളാക്കുന്ന ഒരു തീരുമാനവും അമേരിക്ക കൈക്കൊള്ളില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. സൗദിയെ പിണക്കുന്ന ഒരു തീരുമാനവുമെടുക്കേണ്ടെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ നിലപാട്. മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ കൊലപാതകത്തിൽ സൽമാൻ രാജകുമാരന് പങ്കുണ്ടെന്ന റിപ്പോർട്ട് അമേരിക്ക ശനിയാഴ്ചയാണ് പുറത്ത് വിട്ടത്.

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ ഒട്ടേറെ പേർക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തിയെങ്കിലും സൽമാൻ രാജകുമാരനെതിരെ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് ബൈഡൻ ഭരണ കൂടത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഖഷോഗ്ജിയെ കൊല്ലാനുള്ള പദ്ധതി സൽമാൻ രാജകുമാരന്റെ അനുവാദത്തോടെയായിരുന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.

മുഹമ്മദ് ബിൻ സൽമാനെതിരെ അമേരിക്ക ഒരു നടപടിയും എടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.