സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്

Wednesday 03 March 2021 2:19 AM IST

തിരുവനന്തപുരം:സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ച തിരുവനന്തപുരം സീറ്റ് ഇക്കുറി ഏറ്റെടുക്കണമെന്ന വികാരം ജില്ലാഘടകത്തിൽ ശക്തമാണെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ ദിവസം സി.പി.എം നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ മൂന്ന് സീറ്റ് ജനാധിപത്യ കേരള കോൺഗ്രസ് ചോദിച്ചെങ്കിലും ഒന്നേ നൽകാനാവൂവെന്ന നിസഹായതയാണ് സി.പി.എം പ്രകടിപ്പിച്ചത്. ആ ഒന്ന് തിരുവനന്തപുരമാകുമെന്നാണ് അവരുടെ നേതൃത്വം കരുതുന്നതും. എന്നാൽ തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കുന്നതാണ് നല്ലതെന്ന അഭിപ്രായം സി.പി.ഐക്കുമുണ്ടെന്നാണറിയുന്നത്. ജില്ലയിലെ സി.പി.എമ്മിന്റെ പത്ത് സിറ്റിംഗ് എം.എൽ.എമാരിൽ ഒമ്പത് പേരും വീണ്ടും മത്സരരംഗത്തുണ്ടാകുമെന്നുറപ്പായിട്ടുണ്ട്. ഒരു ടേം മാത്രം പൂർത്തിയാക്കിയവരാണെല്ലാം. ആറ്റിങ്ങലിൽ ബി. സത്യൻ മാത്രമാണ് രണ്ട് ടേം പൂർത്തിയാക്കിയിരിക്കുന്നത്. സത്യന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. എന്നാൽ ഉറച്ച സംവരണ സീറ്റായ ആറ്റിങ്ങലിൽ വനിതാസ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന നിലപാടിന് മേൽക്കൈയുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷിന്റെ അമ്മ അംബികാകുമാരിയുടേതടക്കം പേരുകളാണ് പ്രചരിക്കുന്നത്.

നേമത്ത് വി. ശിവൻകുട്ടിക്ക് ഒരവസരം കൂടി സംസ്ഥാനനേതൃത്വം നൽകിയാൽ അദ്ദേഹം മത്സരിക്കും. എസ്.പി. ദീപക്കിന്റെ പേരാണ് പിന്നെ സജീവം. തിരുവനന്തപുരത്ത് സി.പി.എം ഏറ്റെടുക്കുകയാണെങ്കിൽ ഡോ. ടി.എൻ. സീമ, എസ്.പി. ദീപക്, എസ്.എ. സുന്ദർ തുടങ്ങിയവരുടെ പേരുകളാണുയരുന്നത്. അരുവിക്കരയിലേക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. മധു, കാട്ടാക്കട ഏരിയാ സെക്രട്ടറി ജി. സ്റ്റീഫൻ, ഡി.വൈ.എഫ്.ഐ മുൻ നേതാവ് ഷിജുഖാൻ തുടങ്ങിയ പേരുകളും ചർച്ചയിലാണ്.