ബിഷപ്പ് പിണറായിക്ക് കത്തെഴുതി; എറണാകുളത്ത് ഷാജി ജോർജ് സി പി എം സ്ഥാനാർത്ഥി

Wednesday 03 March 2021 11:09 AM IST

കൊച്ചി: എറണാകുളം മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കളത്തിലിറക്കാൻ സി പി എം. കേരള റീജിയണൽ ലാറ്റിൻ കാതലിക്ക് കൗൺസിൽ ( കെ ആർ എൽ സി സി)വൈസ് പ്രസിഡന്റ് ഷാജി ജോർജിനെയാണ് സി പി എം മത്സരിപ്പിക്കുക. ഇടത് സ്വതന്ത്രനായിട്ടാകും ഷാജി ജോർജ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുക.

സഭാ നേതൃത്വത്തിന്റെ നേരിട്ടുളള ഇടപെടലിനെ തുടർന്നാണ് എറണാകുളത്ത് ഷാജി സ്ഥാനാർത്ഥിയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ബിഷപ്പ് സൂസെപാക്യം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് നൽകിയിരിക്കുന്നതെന്നാണ് വിവരം. മനുറോയിയുടെ പേരായിരുന്നു ആദ്യം എറണാകുളത്തേക്ക് പാർട്ടി ചർച്ച ചെയ്‌തിരുന്നത്. എന്നാൽ അവസാന ഘട്ടത്തിൽ സഭയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ലത്തീൻ സഭയുടെ എതിർപ്പ് കുറയ്‌ക്കുകയെന്ന രാഷ്ട്രീയനയത്തിന്റെ ഭാഗമായാണ് ഷാജിയെ പരിഗണിച്ചിരിക്കുന്നത്. ഷാജിയുടെ സ്ഥാനാർത്ഥിത്വം വഴി തീരദേശ മണ്ഡലങ്ങളിലാകെ ലത്തീൻ സഭയുടെ പിന്തുണ ഉറപ്പിക്കാമെന്നാണ് സി പി എം കണക്കുകൂട്ടൽ.