ആർ എസ് എസ് നേതാക്കളുമായി ചർച്ച നടത്തി ഓർത്തഡോക്‌സ് സഭ; പള‌ളിത്തർക്ക വിഷയങ്ങളും സംസാരിച്ചെന്ന് ബിഷപ്പുമാർ

Wednesday 03 March 2021 12:48 PM IST

കൊച്ചി: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂട്പിടിക്കവെ നിർണായക നീക്കവുമായി ഓർത്തഡോക്‌സ് സഭ. കൊച്ചിയിലെ ആർ എസ് എസ് കാര്യാലയത്തിൽ ആർ എസ് എസ് നേതാക്കളെ കണ്ട് ഓർത്തഡോക്‌സ് സഭ ബിഷപ്പുമാർ ചർച്ച നടത്തി. സമകാലിക രാഷ്‌ട്രീയവും പള‌ളിത്തർക്കങ്ങളുമെല്ലാം ചർച്ചയിൽ വിഷയമായതായി സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബിഷപ്പുമാർ‌ അഭിപ്രായപ്പെട്ടു. അഹമ്മദാബാദ് ഭദ്രാസനത്തിലെ ബിഷപ്പ് ഗീവർഗീസ് മാർ യൂലിയൂസ്, കൊച്ചി ബിഷപ്പ് യാക്കൂബ് മാർ ഐറേനിയോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ആർഎസ്‌എസ് സഹ സർ കാര്യവാഹക് മൻമോഹൻ വൈദ്യയുമായാണ് ഇവർ ചർച്ച നടത്തിയത്.

സഭയും ആർഎസ്‌എസുമായി ഇപ്പോൾ നല്ല ബന്ധമാണുള‌ളതെന്നും ആ ബന്ധം മെച്ചപ്പെടുത്താനാണ് ഇപ്പോൾ മൻമോഹൻ വൈദ്യയെ കണ്ടതെന്നുമാണ് ബിഷപ്പുമാർ അഭിപ്രായപ്പെട്ടത്. ചർച്ചകൾക്കായി ഇരുവിഭാഗവും ഒരുപോലെ മുൻകൈയെടുത്തു.കേന്ദ്ര സർക്കാരുമായി സഭയ്‌ക്ക് ഇപ്പോൾ മെച്ചപ്പെട്ട ബന്ധമാണുള‌ളത്. പ്രധാനമന്ത്രി ഉൾപ്പടെ പള‌ളിതർക്കത്തിൽ നേരിട്ടിടപെട്ട സാഹചര്യത്തിലാണ് ആർഎസ് എസുമായി ബന്ധം മെച്ചപ്പെടുത്താൻ സഭ തീരുമാനിച്ചത്.

2016 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഓർത്തഡോക്‌സ് സഭ വലിയ പിന്തുണയാണ് നൽകിയത്. എന്നാൽ തർക്ക വിഷയത്തിൽ സർക്കാരിൽ നിന്ന് അനുകൂല പ്രതികരണം സഭയ്‌ക്കുണ്ടായില്ല. മാത്രമല്ല നിലവിൽ യുഡിഎഫിനെയും കാര്യമായെടുക്കേണ്ട എന്ന നിലപാടാണ് സഭയ്‌ക്ക്.