ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും പോയില്ല; കുട്ടിയെ അമ്മ വാഹനമിടിച്ച് കൊലപ്പെടുത്തി പുഴയിലിട്ടു

Wednesday 03 March 2021 3:05 PM IST

വാഷിംഗ്‌ടൺ: ആറ് വയസുകാരനായ മകനെ കാണാനില്ലെന്ന രക്ഷകർത്താക്കളുടെ പരാതി അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് സംഭവത്തിലെ വലിയ ട്വിസ്‌റ്റ്. അമേരിക്കയിലെ ഓഹിയോ സംസ്ഥാനത്തെ മിഡിൽടൗൺ പൊലീസാണ് കുട്ടിയുടെ മരണത്തിന് കാരണക്കാർ രക്ഷകർത്താക്കൾ തന്നെയാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് തങ്ങളുടെ ആറുവയസുകാരനായ മകൻ ജെയിംസ് ഹച്ചിൻസണെ കാണാതായതായി കാട്ടി അമ്മ ബ്രി‌ട്ടാനി ഗോസ്‌നിയും സുഹൃത്ത് ജെയിംസ് ഹാമിൽട്ടണും പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. അടുത്തുള‌ള ഗ്രാമത്തിലെ പാർക്കിൽ പോയ ശേഷം കുട്ടിയെ കാണാതായെന്നാണ് രക്ഷകർത്താക്കൾ പരാതിപ്പെട്ടത്. ഉടനെ അന്വേഷണം ആരംഭിച്ച പൊലീസ് പാർക്കിലെത്തി അന്വേഷണം തുടങ്ങി. രക്ഷകർത്താക്കളുടെ പരാതിയിൽ സംശയം തോന്നിയ പൊലീസ് തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് സത്യം വെളിവായത്

വെള‌‌ളിയാഴ്‌ചയാണ് തങ്ങളുടെ മൂന്ന് കുട്ടികളുമായി ബ്രിട്ടാനിയും ജെയിംസും പാർക്കിൽ പോയത്. ഇവിടെവച്ച് ആറുവയസുകാരൻ ഹച്ചിൻസണെ ഉപേക്ഷിക്കാൻ ബ്രിട്ടാനി ശ്രമിച്ചു. എന്നാൽ കുട്ടി വിട്ടുപോകുന്നില്ലെന്ന് കണ്ട് തന്റെ കാറുപയോഗിച്ച് കുട്ടിയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം ഇവർ മടങ്ങിപ്പോയി. പിന്നീട് തിരികെ വന്ന ഇവർ കുട്ടി മരിച്ചെന്ന് മനസ്സിലാക്കി മൃതദേഹം അടുത്തുള‌ള പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. രക്ഷകർത്താക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.ഇവർക്കെതിരെ കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് മിഡിൽടൗൺ പൊലീസ് അറിയിച്ചു.