കേന്ദ്ര സർക്കാരിനെ എതിർക്കുന്നത് രാജ്യദ്രോഹമല്ല; ഹർജിക്കാരന് അമ്പതിനായിരം രൂപ പിഴയിട്ട് സുപ്രീംകോടതി

Wednesday 03 March 2021 3:38 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളെ വിമർശിക്കുന്നതും വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുളളയ്‌ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി തളളികൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം.

ജമ്മു കാശ്‌മീരിന്റെ പ്രത്യേക ഭരണഘടന പദവി പുന:സ്ഥാപിക്കാൻ ഫറൂഖ് അബ്‌ദുളള ചൈനയുടെ സഹായം തേടിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ജമ്മു പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഫാറൂഖ് അബ്‌ദുളള നടത്തിയ പ്രസ്‌താവനകളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി തളളിയ കോടതി, ഇതുപോലൊരു ഹർജി നൽകിയതിന് 50,000 രൂപ പിഴയും ചുമത്തി.

ഫാറൂഖ് അബ്‌ദുളള രാജദ്രോഹ പരാമർശം നടത്തുന്നതായി 2020 ഒക്ടോബറിൽ ബി ജെ പിയും ആരോപണം ഉന്നയിച്ചിരുന്നു. ഫാറൂഖ് അബ്‌ദുളള ചൈനയിൽ ഒരു ഹീറോ ആയിക് കഴിഞ്ഞെന്ന് ബി ജെ പി ദേശീയ വക്താവ് സംപിത്‌ പത്രയാണ് ആരോപിച്ചത്.