യുവാവിനെ അമ്പത്തിരണ്ടുകാരൻ തല്ലികൊന്നു; സംഭവം പ്ലേറ്റിൽ നിന്ന് അനുവാദമില്ലാതെ പൊറോട്ടയെടുത്ത് കഴിച്ചതിന്
കോയമ്പത്തൂർ: അനുവാദമില്ലാതെ പൊറോട്ടയെടുത്ത് കഴിച്ചതിന് തല്ലുകൊണ്ട യുവാവ് മരണപ്പെട്ടു. പ്ലേറ്റിൽ നിന്ന് പൊറോട്ടയെടുത്ത് കഴിച്ച യുവാവിനെ അമ്പത്തിരണ്ടുകാരനാണ് തല്ലികൊന്നത്. കോയമ്പത്തൂർ എടയാർപാളയം സ്വദേശി ജയകുമാറിനെയാണ് (25) ആനക്കട്ടി റോഡിലെ വെളളിങ്കിരി കൊലപ്പെടുത്തിയത്.
തിങ്കളാഴ്‌ച രാത്രി പത്തരയോടെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. യുവാവ് മരിച്ചതിന് പിന്നാലെ കൂലിപണിക്കാരനായ വെളളിങ്കിരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജയകുമാറിന്റെ അമ്മയുടെ പരാതിയിലാണ് വെളളിങ്കിരിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാർ ഇതിനിടെയാണ് സമീപത്തെ തട്ടുകടയിലിരുന്ന് വെളളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. തുടർന്ന് മദ്യലഹരിയിൽ ഇവിടെ എത്തിയ യുവാവ് വെളളിങ്കിരിയുടെ പ്ലേറ്റിൽ നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു.
ഇത് വെളളിങ്കിരി ചോദ്യംചെയ്യുകയും ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. വെളളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും നിരന്തരം അടിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അടിയേറ്റ ജയകുമാർ സംഭവസ്ഥലത്തു വച്ച് തന്നെ മരിക്കുകയായിരുന്നു. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.