ഫഹദ് ഫാസിലിന് കെട്ടിടത്തിന് മുകളിൽനിന്നു വീണ് പരിക്ക്

Wednesday 03 March 2021 4:24 PM IST

കൊച്ചി: നടൻ ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ പരിക്ക്. 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗിനായി നിർമ്മിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കി.

വീഴ്‌ചയുടേതായ ചെറിയ വേദനകൾ മാത്രമാണ് താരത്തിനുളളതെന്നും നിലവിൽ വിശ്രമത്തിലാണെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം താത്ക്കാലികമായി നിർത്തിവച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു. സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞി'ന്റെ തിരക്കഥ മഹേഷ് നാരായണന്റേതാണ്. സംവിധായകനും ഫഹദ് ഫാസിലിന്റെ പിതാവുമായ ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്.