അടിമുടി മാറാനൊരുങ്ങി നഗരസഭ സ്റ്റേഡിയം

Thursday 04 March 2021 1:16 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ ജി.ആർ സ്മാരക ഇൻഡോർ സ്റ്റേഡിയം കായിക പ്രേമികൾക്ക് ഉപകാരപ്രദമാക്കാനുള്ള നടപടികൾക്ക് നഗരസഭ ശ്രമം തുടങ്ങി. രണ്ടേക്കർ വിസ്തൃതിയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഫിറ്റ്നെസ് (ബോഡി ഡെവലപ്മെന്റ് സെന്റർ) സെന്ററിന്റെ ഉദ്ഘാടനം നടന്നു.

രണ്ടേകാൽ ലക്ഷം രൂപ ചെലവാക്കി എം.എൽ.എ ഫണ്ടിൽ നിന്നുമാണ് ഫിറ്റ്നസ് സെന്റർ സജ്ജമാക്കിയത്. ക്രിക്കറ്റ്, വോളിബാൾ, ഫുട്ബാൾ എന്നീ കളികളിലേർപ്പെടുന്ന കായിക താരങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താനാണ് നീക്കം. ഇപ്പോൾ ഇത്തരത്തിൽ കളികളിലേർപ്പെടുന്ന കായിക താരങ്ങളും പരിശീലകരും തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലും മറ്റ് സ്റ്റേഡിയങ്ങളിലും എത്തിയാണ് പരിശീലനം നടത്തുന്നത്.

നൂറുകണക്കിന് കായിക താരങ്ങളാണ് നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരത്തെത്തുന്നത്. ഇവരുടെ ആവശ്യം കൂടെ പരിഗണിച്ചാണ് സ്റ്റേഡിയത്തെ മികവുറ്റതാക്കാൻ നഗരസഭ ശ്രമിക്കുന്നത്. സ്റ്റേഡിയം ഉപകാരപ്രദമാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ടോയ്ലെറ്റ് കോംപ്ലക്സ് നിർമ്മാണ പുരോഗതിയിലാണ്. സ്റ്റേഡിയം നവീകരിക്കുന്നതോടുകൂടി നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരത്തെത്തി കായിക പരിശീലനം നടത്തുന്നവർക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുമെന്നുള്ളതിലുപരി ഇവിടെ കായിക പരിശീലനത്തിനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നുള്ള പ്രതീക്ഷയും നഗരസഭയ്ക്കുണ്ട്. എന്നാൽ കായിക പ്രേമികളിൽ നിന്നും പരിശീലനത്തിന് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നുമുണ്ടായിട്ടില്ല.