ചർച്ചിൽ വരച്ച ചിത്രം ലേലത്തിൽ പോയത് റെക്കോഡ് വിലയ്ക്ക്
ലണ്ടൻ: രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ വരച്ച് അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റിന് കൈമാറിയ അപൂർവ പെയിന്റിംഹ് ലേലത്തിൽ വിറ്റു പോയത് റെക്കാഡ് വിലയ്ക്ക്. ഹോളിവുഡ് നടി ആഞ്ജലീന ജോളിയുടെ പക്കലുണ്ടായിരുന്ന പെയിന്റിംഗ് 11.5 ദശലക്ഷം ഡോളറിനാണ് വിറ്റുപോയത്. മൊറോക്കോയിലെ മറാകിഷ് നഗരത്തിൽ അസ്തമയ ചാരുതയിലെ മസ്ജിദ് കാഴ്ചയാണ് ഖുതുബിയ മോസ്ക് ടവർ എന്ന ചിത്രത്തിന്റെ പ്രമേയം. രണ്ടാം ലോക യുദ്ധകാലത്ത് ചർച്ചിൽ വരച്ച ഏക ചിത്രം കൂടിയാണിത്. 2011ൽ ആഞ്ജലീനയുടെ മുൻ ഭർത്താവും നടനുമായ ബ്രാഡ് പിറ്റാണ് അവർക്ക് ഈ ചിത്രം സമ്മാനിച്ചത്. 2016ൽ ഇരുവരും വേർപിരിഞ്ഞെങ്കിലും ചിത്രം ജോളി തന്നെ കൈവശം വച്ചു. മോറോക്കോയിൽ 1943ൽ നടന്ന കസബ്ലാങ്ക കോൺഫറൻസിനാണ് ചർച്ചിലും റൂസ്വെൽറ്റും ഒന്നിച്ച് മൊറോക്കോയിലെത്തിയിരുന്നത്. അറ്റ്ലസ് മലനിരകൾക്കു പിറകിൽ അസ്തമയ കാഴ്ചകൾ കണ്ടാണ് ഇരുവരും മടങ്ങിയത്. ആ കൂടിക്കാഴ്ചയിലായിരുന്നു ജർമനി-ഇറ്റലി- ജപ്പാൻ സഖ്യം യുദ്ധത്തിൽനിന്ന് നിരുപാധികം പിന്മാറണമെന്ന് സഖ്യകക്ഷികൾ ആവശ്യപ്പെട്ടത്. ചെറുപ്പകാലം മുതൽ പെയിന്റിംഗിൽ സജീവമായിരുന്ന ചർച്ചിൽ 500ലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.