പുരുഷന്റെ സ്വത്തല്ല സ്​ത്രീ ; കൂടെ ജീവിക്കാൻ നിർബന്ധിക്കാനാവില്ല

Thursday 04 March 2021 12:00 AM IST

സുപ്രീംകോടതി പരാമർശം

ന്യൂഡൽഹി : തന്റെ കൂടെ ജീവിക്കണമെന്ന് നിർബന്ധിക്കാവുന്ന തരത്തിൽ ഭർത്താവിന്റെ സ്വത്തോ അടിമയോ അല്ല ഭാര്യയെന്ന് സുപ്രീംകോടതി. ഭാര്യ തന്റെ ഒപ്പം ജീവിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഒരാൾ നൽകിയ കേസിന്റെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം.

''നിങ്ങൾ എന്താണ് കരുതുന്നത്? ഇങ്ങനെ ഉത്തരവിടാൻ സ്ത്രീ നിങ്ങളുടെ സ്വത്താണോ? ഭാര്യയോട് നിങ്ങൾക്ക് പിന്നാലെ നടക്കണമെന്ന് പറയാനാകുമോ?'' ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ച് ചോദിച്ചു.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കുന്നതിനാലാണ് താൻ വീടുവിട്ടുപോയതെന്ന് പരാതിക്കാരി പറഞ്ഞു. വീടുവിട്ട ശേഷം ഇവർ നൽകിയ പരാതിയിൽ ഭർത്താവ് ജീവനാംശമായി 20,000 രൂപ പ്രതിമാസം നൽകാൻ ഗോരഖ്പൂർ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കുടുംബ കോടതിയെ സമീപിച്ചപ്പോൾ ഭർത്താവിന് അനുകൂലമായിരുന്നു വിധി. അതിന്റെ ബലത്തിൽ,​ ജീവനാംശം നൽകണമെന്ന വിധിക്കെതിരെ ഇയാൾ വീണ്ടും കോടതിയിലെത്തി. വിധി റദ്ദാക്കാൻ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജീവനാംശം നൽകാതിരിക്കാനാണ് തന്റെ കൂടെ ജീവിക്കാൻ നിർബന്ധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് സ്ത്രീയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.