കൊവാക്‌സിന് 81 ശതമാനം ഫലപ്രാപ്തിയെന്ന് ഭാരത് ബയോടെക്

Thursday 04 March 2021 12:12 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ തദ്ദേശീയ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് 81ശതമാനം ഫലപ്രാപ്തിയെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഇടക്കാല ഫലമാണ് പുറത്തുവിട്ടത്. രണ്ടു ഡോസും സ്വീകരിച്ചവരിലാണ് 81 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയത്. ആർക്കും ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായില്ല. വ്യാപനശേഷി കൂടിയ യു.കെ വകഭേദം ഉൾപ്പെടെയുള്ള വൈറസിന്റെ മറ്റുവകഭേദങ്ങൾക്കും ഫലപ്രദമാണെന്ന് കണ്ടെത്തിയതായും ഭാരത് ബയോടെക് വ്യക്തമാക്കി.

ഐ.സി.എം.ആറുമായി ചേർന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിച്ചത്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ്, ജനുവരി മൂന്നിന് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനൊപ്പം കൊവാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകിയത്. പരീക്ഷണം പൂർത്തിയാവാത്തതിനാൽ കൊവാക്സിൻ സ്വീകരിക്കാൻ ആരോഗ്യപ്രവ‌ർത്തകരടക്കം വിമുഖതകാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പരീക്ഷണഫലമെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്രമോദിയും എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും അടക്കമുള്ളവർ കൊവാക്‌സിൻ സ്വീകരിച്ചിരുന്നു.