വളർന്നത് മോദിയുടെ താടിയോ ജി.ഡി.പിയോ?ചിത്രം പങ്കുവച്ച് ശശി തരൂരിന്റെ ട്വീറ്റ്

Thursday 04 March 2021 12:31 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടി വളർച്ചയും ജി.ഡി.പി തകർച്ചയും താരതമ്യം ചെയ്ത് ശശി തരൂർ എം.പി.

മോദിയുടെ താടിയുടെയും ജി.ഡി.പി ഇടിവിന്റെയും ചിത്രം ട്വീറ്റ് ചെയ്താണ് തരൂരിന്റെ വിമർശനം. മോദിയുടെ താടി കൂടുന്നതിനനുസരിച്ച് ഇന്ത്യയുടെ ജി.ഡി.പി ഇടിയുകയാണെന്ന് തരൂർ പരിഹസിക്കുന്നു.

2017-18 സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം ജി.ഡി.പി ഉണ്ടായിരുന്നപ്പോൾ മോദിക്ക് കുറ്റിത്താടിയായിരുന്നു. പിന്നീട് വർഷാവർഷം ജി.ഡി.പി ഇടിയുന്തോറും മോദിയുടെ താടി കൂടിക്കൂടി വരികയാണ്.

2019 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി 4.5 ആയി താഴ്ന്നു. എന്നാൽ, മോദിയുടെ താടി കൂടുതൽ വളർന്നു. ഇത് രണ്ടിന്റെയും ചിത്രമാണ് തരൂർ പങ്കുവച്ചത്. മോദിയുടെ താടിവളർച്ച‍യുടെ അഞ്ച് ഘട്ടമാണ് ചിത്രത്തിലുള്ളത്.

ഈ സാമ്പത്തിക വർഷത്തിൽ ആദ്യ രണ്ട് പാദത്തിൽ തകർച്ചയിലായിരുന്ന ജി.ഡി.പി മൂന്നാം പാദത്തിൽ നേരിയ വളർച്ച കാണിച്ചിട്ടുണ്ട്. 0.4 ശതമാനമാണ് വളർച്ച. ഏപ്രിൽ-ജൂൺ പാദത്തിൽ ലോക്ക്ഡൗണിനെ തുടർന്ന് വളർച്ചാനിരക്ക് ചരിത്രത്തിലെ ഏറ്റവും മോശം നിരക്കായ -24.4 ശതമാനത്തിലെത്തിയിരുന്നു.