വിജനമായ പുരയിടത്തിൽ തലയോട്ടിയും അസ്ഥികൂടവും

Thursday 04 March 2021 7:42 AM IST

ഓച്ചിറ: ക്ലാപ്പന കുന്നുമണ്ണേൽ കടവിന് സമീപമുള്ള വിജനമായ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സമീപത്തെ മരത്തിൽ തൂങ്ങാൻ ഉപയോഗിച്ച കയറിന്റെയും നിലത്ത് കൈലിയുടെയും ഷർട്ടിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ഒരു വർഷത്തോളം പഴക്കമുള്ളതായി പൊലീസ് സംശയിക്കുന്നു.

ടി.എസ് കനാലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഇന്നലെ വൈകിട്ട് മൂന്നോടെ ജെ.സി.ബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കിയപ്പോഴാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്.

വർഷങ്ങളായി കാടുമൂടിയ ഒരേക്കറോളം പുരയിടം നാട്ടുകാരുടെ പരാതിയെ തുടർന്ന് വൃത്തിയാക്കുകയായിരുന്നു. ഫോറൻസിക് - ഫിംഗർപ്രിന്റ് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം എ.സി.പി അനിൽകുമാർ, ഓച്ചിറ എസ്.എച്ച്.ഒ ആർ. പ്രകാശ്, സയിന്റിഫിക് ഓഫീസർ ദിവ്യ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു.