ആർഎസ്എസ് സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തിട്ടില്ല; 'ഭാരത് മാതാ കീ ജയ്' എന്ന് മുദ്രാവാക്യം മുഴക്കാൻ അവർക്ക് അവകാശമില്ലെന്നും ഉദ്ധവ് താക്കറെ

Thursday 04 March 2021 12:01 AM IST

മുംബയ്: രാജ്യവും മഹാരാഷ്ട്രയും ബി.ജെ.പിയുടെ സ്വകാര്യസ്വത്തല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസ് സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നും 'ഭാരത് മാതാ കീ ജയ്' എന്ന് മുദ്രാവാക്യം മുഴക്കാൻ അവർക്ക് അവകാശമില്ലെന്നും ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയിൽ അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന് നീതിയുറപ്പാക്കാൻ നിങ്ങൾക്ക് (ബി.ജെ.പി) കഴിയില്ലെങ്കിൽ ഭാരത മാതാവ് വിജയിക്കട്ടെ എന്ന് മുദ്രാവാക്ക്യം മുഴക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പെട്രോൾവില നൂറുരൂപയിൽ എത്തിയിട്ടുണ്ട്, പാചക വാതക സിലിണ്ടറുകളുടെ വില ആയിരം രൂപയോടടുക്കുകയാണ്. നന്ദി, സൈക്കിളിന്റെ വിലയെങ്കിലും വർദ്ധിപ്പിച്ചിട്ടില്ലല്ലൊ എന്നും അദ്ദേഹം പരിഹസിച്ചു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെപറ്റിയും ഉദ്ധവ് താക്കറെ പരാമർശിച്ചു. എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുളള തന്ത്രങ്ങൾ മുറിക്കുളളിൽ ചർച്ചചെയ്തു. എന്നാൽ പുറത്ത് നാണമില്ലാതെ അതെല്ലാം നിഷേധിച്ചു. സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെങ്കിലും 'നാണമില്ലാത്ത' എന്ന വാക്കുതന്നെ ഈ പ്രവർത്തിയെ സൂചിപ്പിക്കാൻ ഞാൻ ഉപയോഗിക്കുന്നു. ഇതാണോ നിങ്ങളുടെ ഹിന്ദുത്വം? അന്തരിച്ച സേന തലവൻ ബാലസാഹേബ് താക്കറെയോടുള്ള നിങ്ങളുടെ സ്‌നേഹം ഇപ്രകാരമാണോ? എന്നും അദ്ദേഹം സഭയിൽ ചോദിച്ചു.