കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം,​ തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി

Thursday 04 March 2021 8:13 PM IST

ന്യൂഡൽഹി : കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ളതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ മുഖ്യപ്രചാരകൻ പ്രധാനമന്ത്രിയാണെന്നിരിക്കെ മോദിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കലും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് വാക്സിനേഷൻ ആരംഭിച്ചതിനാൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നാണ് ബി.ജെ.പിയുടെ വാദം.

വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നതിനെതിരെ കേരളത്തിൽ നിന്നും സമാന പരാതി നൽകിയിരുന്നു. നരേന്ദ്രമോദിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവും സംസ്ഥാന യുവജന കമ്മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായ മിഥുൻ ഷായാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. മോദിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും പരാതിയിൽ പറയുന്നു.

കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡുകൾ നീക്കം ചെയ്യാൻ പെട്രോൾ പമ്പുകളിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു.