'കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ് ഇതിനു പിന്നിൽ, പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറായി നിൽക്കുകയാണ്'; പ്രതികരണവുമായി ധർമജൻ

Thursday 04 March 2021 10:06 PM IST

കോഴിക്കോട്: താൻ സ്ഥാനാർത്ഥിയാകുന്നതിനെതിരെ യുഡിഎഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നൽകിയെന്ന വാർത്തകളെ തള്ളി നടൻ ധർമജൻ ബോൾഗാട്ടി. ബാലുശേരിയിൽ നിന്നുള്ള ഒരു നിയോജക മണ്ഡലം കമ്മിറ്റിയും കെപിസിസിക്ക് കത്ത് നൽകിയിട്ടില്ല. എല്ലാ ഭാരവാഹികളുമായും താൻ സംസാരിച്ചു. കത്തിനെ കുറിച്ച് അവർക്കാർക്കും അറിയില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ചത് കുത്തിത്തിരിപ്പുണ്ടാക്കുന്നവർ ആണ്. കോൺഗ്രസ് പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറായി താൻ നിൽക്കുകയാണെന്നും ധർമജൻ ബോൾഗാട്ടി പറയുന്നു.

ധർമജൻ ബോൾഗാട്ടിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ സാധിക്കുകയില്ലെന്ന് യുഡിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നിലപാടെടുക്കുകയും അത് കത്തിലൂടെസംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തതായി വാർത്തകൾ വന്നിരുന്നു. ബാലുശേരിയിൽ ധർമജൻ മത്സരിക്കുന്നത് യുഡിഎഫിന് ക്ഷീണം വരുത്തുമെന്നും നടി ആക്രമിക്കപ്പെട്ട കേസ് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതിനാൽ നടനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും കെപിസിസി അദ്ധ്യക്ഷന് സമർപ്പിച്ച കത്തിൽ നിയോജക മണ്ഡലം കമ്മിറ്റി ആശങ്കപ്പെടുന്നതായായിരുന്നു വാർത്തകൾ.

അതേസമയം ധർമജനേക്കാൾ മികച്ച സ്ഥാനാർത്ഥി നൽകുകയാണെങ്കിൽ വിജയം ഉറപ്പാണെന്നും നിയോജക മണ്ഡലം കമ്മിറ്റി പറയുന്നുണ്ട്. ബാലുശേരിയിൽ ധർമജൻ മത്സരിക്കുമെന്നുള്ള സൂചനകൾ പുറത്തുവന്നതിന് പിന്നാലെ നടൻ വിവിധ പരിപാടികളിൽ പങ്കെടുക്കാനും പൊതുരംഗത്തുള്ള നിരവധി പേരുമായി സംവദിക്കാനും തുടങ്ങിയിരുന്നു. കോഴിക്കോട് ജില്ലയിലെ സംവരണ മണ്ഡലമായ ബാലുശേരിയിൽ യുഡിഎഫിനായി കഴിഞ്ഞ തവണ മത്സരിച്ചത് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്നു.