കുപ്രസിദ്ധ ഗുണ്ട പറട്ട അരുൺ അറസ്റ്റിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കണ്ണമ്മൂല വയൽ നികത്തിയ വീട്ടിൽ അരുൺ (പറട്ട അരുൺ - 27) ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി. ഇയാൾ മൂന്നാം തവണയാണ് ഗുണ്ടാ നിയമപ്രകാരം പിടിയിലാകുന്നത്. ഇയാൾക്കെതിരെ പേട്ട, മെഡിക്കൽ കോളേജ്, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാആക്രമണം, കൊലപാതകശ്രമം എന്നിവയിൽ 14 കേസുകൾ നിലവിലുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നവംബറിൽ കണ്ണമ്മൂല സ്വദേശി രഞ്ജിത്തിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്ന അരുൺ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. ഡെപ്യൂട്ടി കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായത്. പേട്ട എസ്.എച്ച്.ഒ സുബിലാൽ, എസ്.ഐമാരായ നിയാസ്, നിതീഷ്, സി.പി.ഒമാരായ അനീഷ്, വിപിൻ, ഷമി, ബെന്നൻ, രജനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.