കോൺഗ്രസ് സ്ഥാനാർത്ഥി തീരുമാനം ഇവിടെ, പ്രഖ്യാപനം ഡൽഹിയിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ, പതിവിന് വിരുദ്ധമായി, ഇവിടെ തീരുമാനിക്കാൻ നീക്കം. മുൻകാലങ്ങളിൽ നേതാക്കൾ ഡൽഹിയിലെത്തി കരട് പട്ടിക സ്ക്രീനിംഗ് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിടുന്നതായിരുന്നു പതിവ്. ഇക്കുറി അന്തിമപ്രഖ്യാപനമേ ഡൽഹിയിലുണ്ടാകൂ. സ്ഥാനാർത്ഥി ചർച്ചകൾക്കായി എച്ച്.കെ. പാട്ടീൽ അദ്ധ്യക്ഷനായുള്ള എ.ഐ.സി.സിയുടെ സ്ക്രീനിംഗ് സമിതി അംഗങ്ങൾ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. ഒരാൾ ഇന്നലെ വൈകിട്ടെത്തി.
കെ.പി.സി.സിയുടെ കരടു പട്ടിക പരിശോധിച്ചശേഷം ഇന്നും നാളെയുമായി സ്ക്രീനിംഗ് സമിതി സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയിലെത്തും. ഇന്ന് രാവിലെ ഉമ്മൻചാണ്ടി അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം ചേരുന്നുണ്ട്. നാമനിർദ്ദേശ പത്രികാസമർപ്പണം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ, സമയക്കുറവ് കണക്കിലെടുത്താണ് ചർച്ചകൾ ഇവിടെത്തന്നെ പരമാവധി പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.
സ്ക്രീനിംഗ് സമിതിയിലെ കേരളത്തിന് പുറത്തുള്ള അംഗങ്ങൾ സംസ്ഥാന നേതാക്കളുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കായിരിക്കും സമിതിയുടെ പ്രാഥമികയോഗം. നേതാക്കളുമായി വീണ്ടും നടത്തുന്ന ചർച്ചയ്‌ക്കുശേഷം വൈകിട്ട് ആറിന് സ്ക്രീനിംഗ് സമിതി ഔദ്യോഗികമായി യോഗം ചേർന്ന് കരട് സ്ഥാനാർത്ഥിപ്പട്ടിക പരിശോധിക്കും. നാളെ രാവിലെയും നേതൃതല കൂടിക്കാഴ്ചകൾക്ക് ശേഷം 11 മണിയോടെ യോഗം ചേരും. വൈകിട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും സമിതിയംഗങ്ങൾ ഡൽഹിയ്‌ക്ക് മടങ്ങുക.
ഇവിടെ ധാരണയിലെത്തിയാൽ പട്ടിക അംഗീകാരത്തിനായി മുകുൾ വാസ്‌നിക് അദ്ധ്യക്ഷനായുള്ള കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറും. തുടർന്ന് ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കോൺഗ്രസ് 90 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്നാണ് സൂചന. സീറ്റ് വിഭജന ചർച്ചയ്ക്കൊപ്പം കോൺഗ്രസ് മത്സരിക്കുമെന്നുറപ്പുള്ള മണ്ഡലങ്ങളിലെ കരട് പട്ടികയും തയ്യാറാക്കുകയാണ്. തിരഞ്ഞെടുപ്പ് സമിതിയംഗങ്ങൾ കെ.പി.സി.സി നേതൃത്വത്തിന് മുന്നിൽവച്ച പേരുകളടക്കം സാദ്ധ്യതാപാനലുകളിൽ പരിഗണിക്കും. ഇന്ന് വൈകിട്ടോടെ സീറ്റ് വിഭജനചർച് പൂർത്തിയാക്കാനാണ് കോൺഗ്രസ് ശ്രമം.