ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം; കസ്റ്റഡിയിൽ എടുത്തവർക്കെതിരെ കേസെടുത്തില്ലെന്ന് ആക്ഷേപം
ചാത്തന്നൂർ: ക്ഷേത്രവളപ്പിൽ നിന്ന ചന്ദനമരം അനധികൃതമായി മുറിച്ചുകടത്താൻ ശ്രമം. കഴിഞ്ഞ ദിവസം ഉച്ചയോടെ ചാത്തന്നൂർ കളങ്ങര മേലൂട്ട് ദേവീക്ഷേത്രവളപ്പിലെ അറുപത് വർഷത്തോളം വളർച്ചയും 32 ഇഞ്ച് ചുറ്റുവണ്ണവുമുള്ള മരമാണ് ഒരുസംഘമാളുകൾ ചേർന്ന് മുറിക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി മരം മുറിക്കാൻ ശ്രമിച്ചവരെയും മുറിച്ചുനീക്കിയ മരത്തിന്റെ ശാഖകളും കസ്റ്റഡിയിലെടുത്തു. എന്നാൽ വൈകിട്ടോടെ ഇവരെ കേസെടുക്കാതെ ജാമ്യത്തിൽ വിട്ടയച്ചതായി ആക്ഷേപമുണ്ട്. ഉന്നത ഇടപെടലുകളാണ് പൊലീസ് നടപടിക്ക് പിന്നിലെന്ന് സ്ഥലവാസികൾ ആരോപിക്കുന്നു. അഞ്ചുവർഷം മുമ്പ് ഇതേ ക്ഷേത്രവളപ്പിൽ നിന്നിരുന്ന മറ്റൊരു ചന്ദനമരം മുറിച്ചുകടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ സാധിച്ചില്ല.
ക്ഷേത്രത്തിലേക്കുള്ള ആവശ്യത്തിനാണ് മരം മുറിക്കാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ മനസിലായതിനാലാണ് ഇവരെ വിട്ടയച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ ചന്ദനമരം മുറിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ കസ്റ്റഡിയിലെടുത്തവർക്കെതിരെ കേസെടുക്കാത്തതിൽ സ്ഥലവാസികൾ പ്രതിഷേധത്തിലാണ്. വനംവകുപ്പ് കേസെടുക്കട്ടെ എന്ന നിലപാടിലാണ് പൊലീസ്. മുറിച്ചുനീക്കിയ ശാഖകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതിനാൽ മോഷണക്കുറ്റം ചുമത്തി കേസെടുക്കേണ്ടത് പൊലീസാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വാദം.