കോൺഗ്രസിന് വഴങ്ങാതെ ലീഗ്; വഴിമുട്ടി സീറ്റ് ചർച്ച
മലപ്പുറം:വിജയസാദ്ധ്യതയുള്ള മൂന്നു അധിക സീറ്റുകൾക്കായി മുസ്ലീം ലീഗ് പിടിമുറുക്കുകയും തിരുവമ്പാടി വിട്ടുതരണമെന്ന കോൺഗ്രസിന്റെ ആവശ്യം നിരാകരിക്കുകയും ചെയ്തതോടെ ഉഭയകക്ഷി ചർച്ച വഴിമുട്ടി. പട്ടാമ്പിയും പേരാമ്പ്രയും കൂത്തുപറമ്പും വേണമെന്നാണ് ലീഗിന്റെ ആവശ്യം. കൂത്തുപറമ്പും ചേലക്കരയും ഇരവിപുരവും നൽകാമെന്നാണ് കോൺഗ്രസ് നിലപാട്.
വിജയസാദ്ധ്യത കുറഞ്ഞ ചേലക്കര ഏറ്റെടുക്കരുതെന്ന് ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരവിപുരത്ത് ആർ.എസ്.പി അനൗദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും ലീഗ് ചൂണ്ടിക്കാട്ടി. മലബാറിലാണ് ലീഗിന് അധിക സീറ്റുകൾ കിട്ടാൻ താൽപര്യം. പേരാമ്പ്രയിൽ മാണി ഗ്രൂപ്പാണ് മത്സരിച്ചിരുന്നത്. പട്ടാമ്പി കോൺഗ്രസിന്റെ സീറ്റാണ്.
സി.എം.പി നേതാവ് സി.പി.ജോണിന് വേണ്ടിയാണ് കോൺഗ്രസ് തിരുവമ്പാടി ചോദിക്കുന്നത്. തിരുവമ്പാടിയിലോ കൽപ്പറ്റയിലോ ക്രിസ്ത്യൻ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം താമരശ്ശേരി രൂപതയ്‌ക്കുമുണ്ട്. തിരുവമ്പാടിയിൽ സി.പി.ജോൺ വന്നാൽ കൽപ്പറ്റയിൽ ടി.സിദ്ദിഖിനെ മത്സരിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥിക്ക് പിന്തുണ തേടി കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറും താമരശ്ശേരി ബിഷപ്പിനെ കണ്ടിരുന്നു. ക്രിസ്ത്യൻ സ്ഥാനാർത്ഥിയെന്ന ആവശ്യം മറ്റ് വിഭാഗങ്ങളുടെ വോട്ട് ചോരാനിടയാക്കുമെന്നും ധരിപ്പിച്ചു. രൂപതയുടെ ആവശ്യത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദമാണെന്നും ലീഗ് സംശയിക്കുന്നു.
തിരുവമ്പാടിക്ക് പകരമായി പേരാമ്പ്ര നൽകാമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ടെങ്കിലും അല്ലാതെ തന്നെ പേരാമ്പ്ര വേണമെന്ന നിലപാടിലാണ് ലീഗ്. കോൺഗ്രസ് മുമ്പ് തിരുവമ്പാടി ചോദിച്ചപ്പോഴും ലീഗ് വിട്ടുനൽകിയിരുന്നില്ല.
ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് നടത്തുന്ന സൗഹൃദ സന്ദേശ യാത്ര നാളെ സമാപിക്കും. ശനിയാഴ്ച്ച ഉന്നതാധികാര സമിതി അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കും. അതിന് മുമ്പേ സീറ്റിൽ വ്യക്തതയുണ്ടാക്കാനാണ് നീക്കം.
പുതിയ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിന്റെ നിർദ്ദേശം പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. സ്ഥാനാർത്ഥികളെ എട്ടിന് പ്രഖ്യാപിച്ചേക്കും. സിറ്റിംഗ് എം.എൽ.എമാരിൽ എട്ടുപേർക്ക് സീറ്റുണ്ടാവില്ല. പത്ത് പേർ മത്സരിക്കുമെങ്കിലും മണ്ഡലങ്ങളിൽ മാറ്റമുണ്ടാവും.
കെ. എം. ഷാജിയെ തള്ളി കാസർകോട്
അഴീക്കോടിന് പകരം സുരക്ഷിതമായ കാസർകോട്ടേക്ക് മാറാനുള്ള കെ.എം.ഷാജിയുടെ നീക്കത്തോടുള്ള പ്രതിഷേധം കാസർകോട് ജില്ലാ ഭാരവാഹികൾ ഇന്നലെ പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെ അറിയിച്ചു. സിറ്റിംഗ് എം.എൽ.എ എൻ.എ നെല്ലിക്കുന്നിന്റെയും ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുള്ളയുടെയും നേതൃത്വത്തിലായിരുന്നു ഇത്. ഇറക്കുമതി സ്ഥാനാർത്ഥി ജയസാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും ഷാജി വരേണ്ട സാഹചര്യം ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടി. പ്രതിഷേധച്ചൂടറിഞ്ഞ ഷാജി അഴീക്കോട് തന്നെ മത്സരിക്കുമെന്ന് നിലപാട് മാറ്റിയിട്ടുണ്ട്.