വിവാഹശേഷം വീട്ടുകാരെ കബളിപ്പിച്ച് കാമുകനുമൊത്ത് ഒളിച്ചോടി; യുവതിയെ പിതാവ് കൊലപ്പെടുത്തി

Friday 05 March 2021 12:58 PM IST

ജയ്‌പൂർ: വിവാഹത്തിന് മൂന്ന് ദിവസത്തിന് ശേഷം കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. ശങ്കർ ലാൽ സൈനി എന്ന 50കാരനാണ് 19 വയസുകാരിയായ മകൾ പിങ്കിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കൊത്‌വാലി പൊലീസ് സ്‌റ്റേഷനിലെത്തിയ ശങ്കർ ലാൽ കീഴടങ്ങി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഫെബ്രുവരി 16നായിരുന്നു ശങ്കർ ലാൽ മകളുടെ വിവാഹം നടത്തിയത്. പിങ്കിയുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം.മൂന്ന് ദിവസത്തിന് ശേഷം അച്ഛന്റെ വീട്ടിലേക്ക് എത്തിയ യുവതി വീട്ടുകാരെയെല്ലാം കബളിപ്പിച്ച് തന്റെ കാമുകനുമായി ഒളിച്ചോടി.

പിങ്കിയെ കാണാനില്ലെന്ന് കാട്ടി ശങ്കർ ലാൽ പൊലീസിൽ പരാതി നൽകി. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ബന്ധുക്കൾ പിങ്കിയെ തിരികെ വീട്ടിൽ കൊണ്ടുവന്നു. തനിക്ക് സംഭവിച്ച അപമാനം കാരണം ശങ്കർ ലാൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.