ഇന്ത്യ നേപ്പാൾ അതിർത്തിയിൽ സംഘർഷം; ഇന്ത്യക്കാരൻ വെടിയേ‌റ്റ് മരിച്ചു, ഒരാളെ കാണാനില്ല

Friday 05 March 2021 3:37 PM IST

പിലിഭിത്ത്:ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സംഘർഷം. പൊലീസിന്റെ വെടിയേ‌റ്റ ഒരാൾ മരിച്ചു. സ്ഥലത്ത് നാട്ടുകാരിൽ ചിലരും നേപ്പാൾ പൊലീസും തമ്മിൽ തർക്കമുണ്ടായതായും തുടർന്ന് പൊലീസ് നടത്തിയ വെടിവയ്‌പ്പിലാണ് സ്ഥലവാസിയായ ഗോവിന്ദ(26) മരണമടഞ്ഞതെന്നും ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.

ഗോവിന്ദയും സുഹൃത്തുക്കളായ പപ്പു സിംഗ്, ഗുർമീത് സിംഗ് എന്നിവർ നേപ്പാളിലേക്ക് പോയി. ഇവിടെ അതിർത്തിയിൽ വച്ച് നേപ്പാൾ പൊലീസുമായി തർക്കമുണ്ടാകുകയും ഒടുവിൽ ഗോവിന്ദ കൊല്ലപ്പെടുകയുമായിരുന്നു. ഇവർ മൂവരിൽ ഒരാൾ രക്ഷപ്പെട്ട് തിരികെ ഇന്ത്യയിലെത്തി. ഒരാളെ കാണാനില്ല. തിരികെയെത്തിയയാളെ ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും സ്ഥലത്ത് നിയമപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും പീലിഭിത്ത് പൊലീസ് മേധാവി ജയ് പ്രകാശ് അറിയിച്ചു.

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നികുതി വെട്ടിച്ച് വസ്‌തുക്കൾ കടത്തുന്നത് വ്യാപകമാണ്. മരണമടഞ്ഞയാൾ ഇതിനായി പോയതാണോയെന്ന് വ്യക്തമല്ല. ഇന്ത്യയിലെ പെട്രോൾ വിലവർദ്ധനയെ തുടർന്ന് നേപ്പാളിൽ നിന്ന് ഇന്ധനക്കടത്ത് വ്യാപകമാണ്.