ഇനി ചൈനയും പാകിസ്ഥാനും ഇന്ത്യയെ തൊടാൻ ഒന്നുകൂടി വിറയ്‌ക്കും; രാജ്യം വിജയകരമായി പരീക്ഷിച്ചത് അത്യന്താധുനിക മിസൈൽ സംവിധാനം

Friday 05 March 2021 4:27 PM IST

ഭുവനേശ്വർ: എത്രയടുത്തെത്തിയ ശത്രുവിനെ പോലും നിമിഷാർത്ഥങ്ങൾ കൊണ്ട് തകർത്ത് തരിപ്പണമാക്കുന്ന പുത്തൻ മിസൈൽ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സോളിഡ് ഫ്യുവൽ ഡക്‌ടഡ് റാംജെ‌റ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മിസൈൽ ഇന്ത്യ പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപൂരിലെ വിക്ഷേപണ സ്ഥലത്തുനിന്നാണ് മിസൈൽ പരീക്ഷിച്ചതെന്ന് ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അധികൃതർ അറിയിച്ചു. പരീക്ഷണത്തിൽ എല്ലാ കാര്യങ്ങളും ശരിയാംവിധം പ്രവർത്തിച്ചുവെന്നും ഡിആർഡിഒ അധികൃതർ പറഞ്ഞു. ശത്രുക്കൾ തൊടുത്തുവിടുന്ന മിസൈലുകളെ എതിർത്ത് തകർക്കാനും കരയിൽ നിന്ന് വായുവിലൂടെയെത്തുന്ന ശത്രുക്കളെ തകർക്കാനും സോളിഡ് ഫ്യുവൽ ഡക്‌ടഡ് റാംജെ‌റ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന റോക്ക‌റ്റുകൾ സഹായിക്കുന്നു. മോദി സർക്കാരിന്റെ ആത്മനിർഭർ ഭാരത് ആഹ്വാനത്തിന്റെ ഏ‌റ്റവും പുതിയ ഉദാഹരണമാണ് തദ്ദേശീയമായി ഡിആർഡിഒ നിർമ്മിച്ച ഈ മിസൈൽ.

ഫെബ്രുവരി മാസത്തിലും വെർടിക്കൽ ലോഞ്ച് ഷോട്ട് റെയിഞ്ച് സർഫസ് ടു എയർ മിസൈൽ (വിഎൽ-എസ്ആ‌ർഎസ്എഎം) എന്ന ചെറു ദൂരങ്ങളിൽ ശക്തമായ പ്രഹരശേഷിയുള‌ള മിസൈൽ ഡിആർഡിഒ ചന്ദിപൂരിൽ നിന്നു തന്നെ പരീക്ഷിച്ചിരുന്നു. വായുവിലൂടെ വളരെ അടുത്തുനിന്നുള‌ള ആക്രമണങ്ങളെ നിയന്ത്രിക്കാനും തടുക്കാനും ഈ മിസൈൽ ഫലപ്രദമാണ്. തദ്ദേശീയമായി നിർമ്മിച്ച ഈ മിസൈൽ നാവികസേനയും വിജയകരമായി പരീക്ഷിച്ചു.

രണ്ട് പരീക്ഷണങ്ങളിലും കടുകിട മാറാതെ മിസൈൽ കൃത്യമായി നിശ്ചിത ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുറഞ്ഞ ദൂരത്തിലും പരമാവധി ദൂരത്തിലും നടത്തിയ മിസൈൽ പരീക്ഷണം ഫലം കണ്ടതായും മന്ത്രാലയം അഭിപ്രായപ്പെട്ടു.