ആർ.എം പാടുന്നു ടുണക് ടുണക് ടുൺ, ഇന്ത്യൻ പ്രേമം വെളിപ്പെടുത്തി ബി.റ്റി.എസ്

Saturday 06 March 2021 12:06 AM IST

സോൾ: ലോകപ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.റ്റി.എസിലെ ഗായകൻ ആർ.എം കൊറിയയിൽ ഏറ്റവും പ്രസിദ്ധിയാർജിച്ച ഇന്ത്യൻ ഗാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. പഞ്ചാബി ഗായകനായ ദലേർ മെഹന്തി എഴുതി ആലപിച്ച ടുണക് ടുണക് ടുൺ എന്ന ഗാനമാണത്. 1998ൽ പുറത്തിറങ്ങിയ ഈ പഞ്ചാബി ഗാനത്തിന് ഇന്നും ഇന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഈ ഗാനം കൊറിയയിൽ ഒരുപാട് പ്രസിദ്ധമാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഈ ഗാനം ഒരുപാട് പാടിയിട്ടുണ്ട്. ആർ.എം പറയുന്നു. 2017ൽ നൽകിയ ഒരു അഭിമുഖത്തിലാണ് ആർ.എം ഈ ഗാനത്തെക്കുറിച്ച് പരാമർശിച്ചത്. ഇന്ത്യൻ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഞങ്ങളുടെ പാഠപുസ്തകങ്ങളിലുണ്ട്. ഇന്ത്യയെക്കുറിച്ച് ഞങ്ങൾ ഒരുപാട് ചിന്തിച്ച് കൂട്ടാറുണ്ട്. താജ്‌മഹലും നല്ല മനുഷ്യരുമെല്ലാം ഇന്ത്യയിലുണ്ട് - ആർ.എം പറഞ്ഞു. ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കാൻ താത്പര്യമുണ്ടെന്ന് കഴിഞ്ഞ വർഷം ബി.റ്റി.എസ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ബി.റ്റി.എസ് ആർമിയെ കാണാനും അവരോടൊപ്പം പാട്ട് പാടി നൃത്തം വയ്ക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. നമസ്തേ പറയാൻ ഞങ്ങൾക്ക് വളരെ ആഗ്രഹമുണ്ട് - ബി.ടി.എസ് പറഞ്ഞു. ഇന്ത്യയിൽ ബി.റ്റി.എസ് ധാരാളം ആരാധകരുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും,​ അവരെ ഉടൻ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും ബി.റ്റി.എസിലെ അംഗമായ സുഗയും പറഞ്ഞിരുന്നു. ആർ.എം,​ ജിൻ,​ സുഗ,​ ജെ ഹോപ്പ്,​ ജിമിൻ,​ വി,​ ജങ്‌കുക്ക് എന്നിവരാണ് ബി.റ്റി.എസ് ബാൻഡിലെ അംഗങ്ങൾ.