പൈലറ്റിനെ പൂച്ച കടിച്ചു, വിമാനം തിരിച്ചിറക്കി

Saturday 06 March 2021 2:29 AM IST

ഖാർത്തൂം: വിമാനം പറത്തുന്നതിനിടെ പൈലറ്റിനെ പൂച്ച കടിച്ചു. തുടർന്ന്‌, സുഡാനിൽ നിന്ന് ദോഹയിലേക്കുള്ള വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. അപ്രതീക്ഷിതമായി കോക്ക്പിറ്റിലേക്ക് കടന്നുകയറിയ പൂച്ച പൈലറ്റിനേയും ക്യാബിൻ ക്രൂവിനേയും ആക്രമിക്കുകയായിരുന്നുവെന്നാണ് വിമാന കമ്പനി പറയുന്നത്.

ബുധനാഴ്ച ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം നിന്ന് പുറന്നുയർന്ന് അരമണിക്കൂർ പിന്നിട്ടപ്പോഴാണ് സംഭവം. പൂച്ചയെ പിടികൂടാൻ സഹ പൈലറ്റും കാബിന്‍ ക്രൂ അംഗങ്ങളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോക്ക്പിറ്റിലാകെ പൂച്ച ഓടി നടന്നതോടെ പൈലറ്റ് ആശങ്കയിലായി. പൂച്ചയെ പിടികൂടാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. എന്നാൽ, പൂച്ച എങ്ങനെ വിമാനത്തില്‍ എത്തിയെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. യാത്രക്കാരിൽ ആരും തന്നെ പൂച്ചയെ കൊണ്ടു വന്നിട്ടില്ലെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.