ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കക്കൂസ് കുഴിയിൽ കുഴിച്ചിട്ടു; ഭർത്താവ് കാണാമറയത്ത്

Saturday 06 March 2021 7:28 AM IST

വെഞ്ഞാറമൂട്: ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കക്കൂസ് കുഴിയിൽ കുഴിച്ചിട്ട കേസിൽ പ്രതിയായ ഭർത്താവ് കുട്ടനെ ഒരു വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ കഴിയാതെ വലയുകയാണ് പൊലീസ്.

2020 മാർച്ച് 3 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്ന് കക്കൂസിന് കുഴിച്ച കുഴിയിൽ കുഴിച്ചു മൂടുകയായിരുന്നു. പുല്ലമ്പാറ മരുതുംമൂട് വാലിക്കുന്ന് കോളനിയിൽ സിനിയാണ് (31) അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവശേഷം ഭർത്താവ് കുട്ടൻ ഒളിവിലും പോയി. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുൻപ് കാണാതായതിനെ തുടർന്ന് ബന്ധുക്കളും, മക്കളും സിനിയെ അന്വേഷിച്ചെങ്കിലും ബന്ധുവീട്ടിൽ പോയിരിക്കുന്നു എന്നാണ് കുട്ടൻ മറുപടി പറഞ്ഞത്. ബന്ധുവീട്ടിലും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പഞ്ചായത്തിൽ നിന്ന് ലഭിച്ച വീട് നിർമ്മിക്കുന്ന സ്ഥലത്ത് നിർമ്മിക്കുന്ന കക്കൂസിന്റെ കുഴിയിൽ നിന്നും സിനിയുടെ ഒരു കൈ ഉയർന്നിരിക്കുന്നത് കണ്ടത്.

തുടർന്ന് മണ്ണ് നീക്കം ചെയ്ത് പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ഥിരം വഴക്കാളിയും മദ്യപാനിയുമായിരുന്ന കുട്ടൻ ചുറ്റിക കൊണ്ട് തലക്കടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലിസ് പറയുന്നത്. സമീപത്ത് നിന്നും ചുറ്റിക കണ്ടെത്തിയിരുന്നു. കുട്ടൻ സംഭവ ശേഷം കുട്ടികളെ വിട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. സിനിയുടെ അമ്മയുടെ കൂടെയായിരുന്നു മക്കളായ അനന്തുവും, അരവിന്ദും കഴിഞ്ഞിരുന്നത്.

കൊല്ലാൻ മുൻപും ശ്രമം:

സിനിയെ കൊല്ലാൻ ശ്രമിച്ചതിന് കുട്ടൻ നേരത്തെയും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. 2004ൽ സിനിയുടെ കാൽ വെട്ടി പരിക്കേൽപ്പിച്ചതിന് ഏഴ് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. ജയിൽ ശിക്ഷ കഴിഞ്ഞ ശേഷം ഇവർ വീണ്ടും ഒരുമിച്ചു താമസിക്കുകയും കലഹം പതിവുമായിരുന്നന്ന് നാട്ടുകാർ പറയുന്നു.

കുഴി മൂടുന്നത് കണ്ടെന്ന് മക്കൾ

സംഭവ ദിവസം അമ്മയെ അച്ഛൻ മർദ്ധിക്കുന്നത് കണ്ടെന്ന് മക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. രാത്രി കക്കൂസിന് എടുത്ത കുഴി മൂടുന്നത് കണ്ട മക്കൾ അവിടെ എത്താണന്ന് ചോദിച്ചപ്പോൾ വാഴ നടുകയാണെന്ന് പറഞ്ഞ് വിരട്ടി ഓടിക്കുകയായിരുന്നു.

മക്കളോടും ക്രൂരത

വീട്ട് ചിലവ് പോലും കൊടുക്കാത്ത ഇയാൾ മക്കളെയും ക്രൂരമായി മർദ്ധിച്ചിരുന്നു. സിനി വിറക് ശേഖരിച്ച് വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. സംഭവത്തിന് മൂന്ന് വർഷം മുൻപ് മാതാപിതാക്കളുടെ വഴക്കിനിടെ മകനായ അനന്തുവിന്റെ ചെവിൽ കല്ലുവച്ച് ഇടിച്ചിരുന്നു. ഇതേ തുടർന്നാണ് അനന്തുവിന് കേൾവി ശക്തി നഷ്ടപ്പെട്ടത്. അയൽക്കാരോടും ക്രൂരമായാണ് കുട്ടൻ പെരുമാറിയിരുന്നത്. തർക്കത്തിനിടെ അയൽവാസി കുട്ടന്റെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സംഭവ ശേഷം അയൽവാസി സ്ഥലമുപേക്ഷിച്ച് പോയി.

ഒരു കണ്ണിന് പൂർണമായും കാഴ്ചശക്തി ഇല്ലാത്ത, ശരീരം ആസിഡ് പൊള്ളലേറ്റ കുട്ടൻ ആദ്യ തവണ സിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വനമേഖലയിലായിരുന്നു കഴിഞ്ഞിരുന്നത്. റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ എർപ്പെടുത്തിയിട്ടും കുട്ടൻ ഇപ്പോഴും അജ്ഞാത വാസത്തിലാണ്.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.പ്രതി ഇപ്പോഴും ഒളിവിൽ തന്നെയാണ്.

രതീഷ്, ഐ.എസ്.എച്ച്.ഒ, വെഞ്ഞാറമൂട്