സി പി എമ്മിന്റെ ഇരവാദം ബാലിശം; മാർക്‌സിസ്റ്റ് പാർട്ടിയുടെ വലിയ നേതാക്കന്മാർ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മാർച്ച് നടത്തേണ്ടതെന്ന് മുരളീധരൻ

Saturday 06 March 2021 11:43 AM IST

തിരുവനന്തപുരം: കസ്‌റ്റംസ് വേട്ടയാടുന്നുവെന്ന സി പി എം ഇരവാദം ബാലിശമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കസ്റ്രംസിന്റെ ഇന്നലെ പുറത്തുവന്ന വിവരങ്ങൾ അവർ വാർത്താസമ്മേളനം വിളിച്ച് പറഞ്ഞതല്ല. ഉത്തരവാദിത്ത ബോധത്തോടെ കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്‌മൂലമാണത്. മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഹൈക്കോടതിയിൽ ഇങ്ങനെയൊരു വാർത്തയുണ്ടെന്ന് കേന്ദ്രസർക്കാർ കേരളത്തിലെ മാദ്ധ്യമങ്ങളെ വിളിച്ച് പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

കസ്‌റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്‌മൂലമല്ലത്. ജയിൽ ഡി ജി പിയുടെ റിട്ടിന് മറുപടിയായാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ജയിൽ ഡി ജി പിയുടെ റിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമാണ്. ആ ശ്രമത്തിന്റെ ഫലമായാണ് ഈ വാർത്തകൾ പുറത്തുവന്നത്. റിട്ട് ഉളളതുകൊണ്ടാണ് കസ്‌റ്റംസ് സത്യവാങ്‌മൂലം ഫയൽ ചെയ്യാൻ നിർബന്ധിതരായതെന്നും മുരളീധരൻ പറഞ്ഞു.

സ്വപ്‌ന പറഞ്ഞത് അവിശ്വസിക്കേണ്ടതില്ലെന്ന് പറഞ്ഞത് കോടതിയാണ്. സ്വപ്‌നയുടെ ഉന്നതബന്ധം ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. നിയമപരമായി മുന്നോട്ട് പോകുമ്പോൾ അതിനെ വേട്ടയാടലെന്ന് പറഞ്ഞ് ചിത്രീകരിക്കുന്നത് ബാലിശം തന്നെയാണ്. സന്തോഷ് ഈപ്പൻ കൊടുത്ത കൈക്കൂലി ഫോൺ എങ്ങനെ കോടിയേരിയുടെ ഭാര്യയുടെ കൈയിൽ വന്നുവെന്ന് വിശദീകരിക്കണം. എ കെ ജി സെന്ററിന് മുന്നിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ വലിയ നേതാക്കന്മാർക്ക് താമസിക്കാനായി ഒരു കെട്ടിടമുണ്ട്. അങ്ങോട്ടേയ്‌ക്കാണ് മാർച്ച് നടത്തേണ്ടത്. അല്ലെങ്കിൽ പേരൂർക്കടയിലൊരു പഴയ വീടുണ്ട്. അങ്ങോട്ടേയ്‌ക്ക് പോകണം. അതുമല്ലെങ്കിൽ ജയിൽ ഡി ജി പിയുടെ ഓഫീസിലേയ്‌ക്ക് മാർച്ച് നടത്തണമെന്നും മുരളീധരൻ പറഞ്ഞു.

ഇനിയും ഇരവാദം ഉയർത്തി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ സി പി എമ്മിനാകില്ല. തിരഞ്ഞെടുപ്പുമായി ഇപ്പോഴത്തെ വിഷയങ്ങൾക്ക് യാതൊരു ബന്ധവുമില്ല. അത് ചോദിക്കേണ്ടത് ഹൈക്കോടതിയോടും ജയിൽ ഡി ജി പിയോടുമാണ്. താൻ കസ്റ്റംസിന്റെ വക്താവല്ല, ബി ജെ പിയുടെ വക്താവാണ്.

സി എ ജി കേന്ദ്രസർക്കാരല്ല. സി എ ജി കേന്ദ്രസർക്കാരാണെന്ന് തോമസ് ഐസക്ക് സമർ‌ത്ഥിക്കാൻ ശ്രമിക്കുകയാണ്. സി എ ജി ഉയർത്തിയ ഗൗരവ വിഷയങ്ങൾ മറച്ചുവച്ച് കേന്ദ്രസർക്കാരിനെതിരെ വാളെടുക്കാൻ ശ്രമിക്കുകയാണ്. തോമസ് ഐസക്കിന്റെ വെളിച്ചപ്പാട് തുളളൽ ഇവിടെ നടക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.