'ഒരു രാഷ്‌ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു, ആ ഭീഷണി വിലപ്പോവില്ല' ഫേസ്‌ബുക്കിൽ കുറിപ്പുമായി കസ്‌റ്റംസ് കമ്മീഷണർ

Saturday 06 March 2021 11:54 AM IST

കൊച്ചി: ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിയ്‌ക്കും സ്‌പീക്കർക്കും ബന്ധമുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി കസ്‌റ്റംസ് വിശദീകരണ പത്രികയായി കോടതിയിൽ നൽകിയതോടെ ഇടത് മുന്നണിയും കസ്‌റ്റംസും തമ്മിൽ പരസ്യമായ പോർവിളി. കസ്‌റ്റംസിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി. അതേസമയം എൽഡിഎഫിന്റെ ഭീഷണി വിലപ്പോവില്ലെന്ന് കാണിച്ച് കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. എൽഡിഎഫിന്റെ മേഖലാ ഓഫീസ് മാർച്ച് പോസ്‌റ്റർ പങ്കുവച്ചാണ് പോസ്‌റ്റ്. ഒരു രാഷ്‌ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായും എന്നാൽ ആ ഭീഷണി വിലപ്പോവില്ലെന്നുമാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചത്.

അതേസമയം കസ്‌റ്റംസ് വേട്ടയാടുന്നുവെന്ന സിപിഎം വാദം ബാലിശമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. കസ്‌റ്റംസ് അറിയിച്ച വിവരം അവർ പത്രസമ്മേളനം നടത്തി പറഞ്ഞതല്ലെന്നും കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലുള‌ളതാണതെന്നും അദ്ദേഹം അറിയിച്ചു.