'എനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ സ്വന്തം വീട്ടിൽ സ്വന്തം ഭാര്യ സന്തോഷ് ഈപ്പന്റെ ഫോൺ ഉപയോഗിച്ച കാര്യം കോടിയേരി അറിഞ്ഞില്ലേ'

Saturday 06 March 2021 1:10 PM IST

തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്‌ണൻ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പൻ നൽകിയ ഫോൺ ഭാര്യ ഉപയോഗിക്കുമ്പോഴാണ് തനിക്കാണ് ഫോൺ നൽകിയതെന്ന അടിസ്ഥാന രഹിത ആരോപണം കോടിയേരി ഉന്നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു കോടിയേരിക്കെതിരെ ചെന്നിത്തല ആഞ്ഞടിച്ചത്.

'സന്തോഷ് ഈപ്പന്റെ കൈയിൽ നിന്ന് ഞാൻ ഫോൺ വാങ്ങിയെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്‌ണൻ പത്രസമ്മേളനം നടത്തിയത് ഞാൻ ഓർക്കുകയായിരുന്നു. അപ്പോൾ സ്വന്തം വീട്ടിൽ സ്വന്തം ഭാര്യ സന്തോഷ് ഈപ്പന്റെ ഫോൺ ഉപയോഗിച്ച കാര്യം കോടിയേരി അറിഞ്ഞില്ലേയെന്നാണ് എനിക്ക് ചോദിക്കാനുളളത്. അതു മറച്ചുവച്ചുകൊണ്ടാണോ എനിക്കെതിരായി കോടിയേരി ബാലകൃഷ‌്‌ണൻ ഈ ആരോപണം ഉന്നയിച്ചത്? എന്ത് അധാർമ്മികതായാണിതെല്ലാം? ഞാൻ മാനനഷ്‌ടത്തിന് നോട്ടീസ് അയച്ചിട്ട് ഇതുവരെ മറുപടി കിട്ടിയില്ല. നമ്മുടെ രാഷ്ട്രീയം എവിടെ നിൽക്കുകയാണെന്ന് നമ്മൾ ആലോചിക്കണം. ഇനിയെങ്കിലും കോടിയേരി മാപ്പ് പറയുമെന്ന് ഞാൻ കരുതുകയാണെന്നും' ചെന്നിത്തല പറഞ്ഞു.

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് വ്യക്തമാവുകയാണ്. മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം. മുഖ്യപ്രതിയുടെ രഹസ്യമൊഴിയിൽ പറയുന്ന മൂന്നു മന്ത്രിമാർ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.